നെയ്യാറ്റിന്‍കര: കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മയും മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്പിളിയാണ് മരിച്ചത്. ഇന്ന് രാവിലെ ഇവരുടെ ഭാര്‍ത്താവ് രാജനും മരിച്ചിരുന്നു. നെയ്യാറ്റിന്‍കര പോങ്ങയില്‍ നെട്ടതോട്ടം കോളനിക്കുസമീപമാണ് രാജനും കുടുംബവും താമസിച്ചിരുന്നത്. ഗുരുതരപൊള്ളലേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം.
കഴിഞ്ഞ 22 ന് ആണ് രാജനും ഭാര്യയും ജീവനൊടുക്കാന്‍ ശ്രമിച്ചത്. രാജന് അയല്‍വാസിയായ വസന്തയുടെ വസ്തു കൈയേറി കുടില്‍കെട്ടിയെന്ന പരാതിയുണ്ടായിരുന്നു.ഇതില്‍ കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ചു. കമ്മിഷനുമായി വീട് ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. രാജന് ഭാര്യയെയും ചേര്‍ത്തുപിടിച്ച് പെട്രോള്‍ ദേഹത്തൊഴിച്ചു. എന്നാല്‍ പിടിച്ചുമാറ്റാനെത്തിയ പോലീസുകാരൻ കൈ തട്ടിമാറ്റിയപ്പോൾ തീ പിടിക്കുകയായിരുന്നു.
താൻ കൈയില്‍ കരുതിയിരുന്ന ലൈറ്റര്‍ പോലീസ് തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീപിടിക്കുകയായിരുന്നെന്ന് രാജന് തന്നെയാണ് മരിക്കുന്നതിനു മുന്‍പ് വെളിപ്പെടുത്തിയത്. താൻ പോലീസ് പിന്മാറാൻ വേണ്ടി ആണ് അങ്ങനെ ചെയ്തതെന്നും മരിക്കാൻ വേണ്ടി ചെയ്തതല്ല എന്നും രാജൻ പറഞ്ഞിരുന്നു.
അച്ഛന്റെ മരണത്തില്‍ പൊലീസിനും അയല്‍വാസിക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജന്റെ മക്കള്‍ രംഗത്തു വന്ന സാഹചര്യത്തിലാണ് അമ്ബിളിയും മരണപ്പെട്ടിരിക്കുന്നത്. താമസിച്ചിരുന്ന സ്ഥലത്ത് തന്നെ അച്ഛനെ അടക്കാന്‍ അനുവദിക്കണമെന്ന് മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പൊലീസുകാര്‍ ലൈറ്റര്‍ തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നും മക്കള്‍ പറഞ്ഞു.
‘പപ്പയെ ഞങ്ങള്‍ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. മരിക്കും മുമ്പ് പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ്. എന്നാലേ പപ്പയ്ക്ക് മനശ്ശാന്തി കിട്ടൂ’, മകന്‍ രഞ്ജിത്ത് പറഞ്ഞു.
ചോറ് കഴിക്കുമ്പോള്‍ ഷര്‍ട്ടില്‍ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുമായിരുന്നു. അവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പപ്പ തങ്ങളോട് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു
Post Your Comments