കാട്ടാക്കട: തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനും വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കുന്നത് ചര്‍ച്ചചെയ്യാനും ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ തെറിവിളിയും കൈയാങ്കളിയും. ഒടുവില്‍ യോഗം ചേരാന്‍ കഴിയാതെ കെ.പി.സി.സി നേതാവും എം.എല്‍.എയും സ്ഥലംവിട്ടു. ഇന്നലെ വൈകിട്ട് നാലോടെ പൂവച്ചല്‍ ഫിര്‍ദൗസ് ആഡിറ്റോറിയത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് അരുവിക്കര ബ്ലോക്ക് കമ്മിറ്റി യോഗമാണ് കൈയാങ്കളിയില്‍ അവസാനിച്ചത്.
പൂവച്ചല്‍, കുറ്റിച്ചല്‍, വെള്ളനാട്, അരുവിക്കര പഞ്ചായത്തുകളിലെ കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി പുനലൂര്‍ മധുവിന്റെ നേതൃത്വത്തിലാണ് വിളിച്ചത്. തിരഞ്ഞെടുപ്പില്‍ ഉറിയാക്കോട് ബ്ലോക്ക് ഡിവിഷനില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് കമല്‍ രാജിനും വെള്ളനാട് ഒമ്പത് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബല്‍ സ്ഥാനാര്‍ത്ഥികളെ നിറുത്തുകയും ഇവരെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് വിതരണം ചെയ്ത ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ വെള്ളനാട് ശശിയെയും കോണ്‍ഗ്രസ് വെള്ളനാട് മണ്ഡലം പ്രസിഡന്റ് വെള്ളനാട് സത്യദാസിനെയും പങ്കെടുപ്പിക്കേണ്ടെന്ന് ധാരണയുണ്ടായിരുന്നു.
യോഗം തുടങ്ങാറായതോടെ വെള്ളനാട് ശശിയും സത്യദാസും ഹാളില്‍ കയറിരുന്നു. ഇതോടെ അദ്ധ്യക്ഷനായിരുന്ന ബ്ലോക്ക് പ്രസിഡന്റ് സി.ആര്. ഉദയകുമാര്‍ ഇരുവരോടും യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. ഇത് വകവയ്ക്കാതെ ഇരുവരും ഹാളില്‍ ഇരുന്നതോടെ മറ്റ് നേതാക്കള്‍ ചോദ്യംചെയ്തു. പ്രശ്നം രൂക്ഷമായതോടെ ഇരുവരും പങ്കെടുക്കട്ടേയെന്ന് കെ.എസ്. ശബരീനാഥന്.എം.എല്‍.എ നിലപാടെടുത്തതോടെ മറ്റ് നേതാക്കള്‍ എം.എല്‍.എയ്ക്കെതിരെ തിരിഞ്ഞു. എം.എല്‍.എ റിബലുകളെ പ്രോത്സാഹിപ്പിക്കുകയും അവരെ സഹായിച്ചവരെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
read also: ബംഗ്ലാദേശില്‍ വധശിക്ഷയ്ക്ക് വിധിച്ച പ്രതിയെ തോക്കുമായി ഡല്‍ഹി പോലിസ് പിടികൂടി
സംഭവത്തില്‍ കെ.പി.സി.സിക്കും ഡി.സി.സിക്കും പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സഹായം സ്വീകരിക്കാനുമാണ് എം.എല്‍.എയുടെ നീക്കമെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. ഇതിനിടെ വാക്കേറ്റം തെറിവിളിയിലെത്തി. നേതാക്കള്‍ കുടിക്കാനായി വച്ചിരുന്ന കുടിവെള്ള കുപ്പികള്‍ കൊണ്ട് തമ്മില്‍ പരസ്പരം എറിഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറുകിട്ടി. രംഗം നിയന്ത്രണാതീതമായപ്പോള്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പുനലൂര്‍ മധു യോഗം പിരിച്ചുവിട്ടു സ്ഥലത്തുനിന്നും മടങ്ങി. തുടര്‍ന്ന് എം.എല്‍.എയും സ്ഥലംവിട്ടു.
Post Your Comments