മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കേരളത്തില്‍ അമിത് ഷായുടെ കടമ ഏറ്റെടുക്കുകയാണെന്ന് പികെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. തിരഞ്ഞെടുപ്പുകളിലെ താത്ക്കാലിക ലാഭത്തിന് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ വിഷം കലക്കരുതെന്നും ഫാസിസത്തോട് മറുചോദ്യങ്ങളുയരാത്ത ഗുജറാത്താക്കി കേരളത്തെ മാറ്റരുതെന്നും പികെ ഫിറോസ് പോസ്റ്റിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം……………………………….
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ അമിത് ഷാ പ്രയോഗിച്ചൊരു കുതന്ത്രമുണ്ട്. അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്ന പ്രഖ്യാപനമായിരുന്നു അത്. കോൺഗ്രസ് കളിക്കുന്നത് ഹജ്ജ് (HAJ) ആണെന്നും ബി.ജെ.പി ചേർത്തുപറഞ്ഞു. എന്താണ് ഹജ്ജ് കൊണ്ടുദ്ധേശിക്കുന്നതെന്ന ചോദ്യത്തിന് ഹർദിക് പട്ടേൽ, അൽപേഷ് താക്കൂർ, ജിഗ്നേഷ് മേവാനി എന്നിവരാണ് കോൺഗ്രസിന് നേതൃത്വം കൊടുക്കുന്നതെന്നും ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താൽ HAJ ആയെന്നും മറുപടി പറഞ്ഞു. കോൺഗ്രസ് ജയിക്കുമെന്ന ഘട്ടത്തിലാണ് അമിത് ഷാ ഈ പ്രയോഗങ്ങളൊക്കെ നടത്തിയത്.
കോൺഗ്രസിന് അധികാരം ലഭിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയായാലെന്താ എന്ന ചോദ്യമാണ് യഥാർത്ഥത്തിൽ ജനം ചോദിക്കേണ്ടിയിരുന്നത്. അങ്ങിനെ ചോദിക്കുമ്പോഴാണ് ആ സമൂഹം മതേതരമാകുന്നത്. എന്നാൽ ആ ചോദ്യം ഗുജറാത്തിൽ നിന്ന് ഉയർന്നില്ല. കാരണം നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് ഇപ്പോഴങ്ങിനെയാണ്. അതറിയുന്നത് കൊണ്ടാണ് അമിത് ഷാ അത്തരമൊരു പ്രയോഗം നടത്തിയതും.
അമിഷായുടെ തനിയാവർത്തനമാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുമ്പ് കൊടിയേരി കേരളത്തിൽ നടത്തിയത്. കുഞ്ഞാലിക്കുട്ടി – ഹസ്സൻ- അമീർ നേതൃത്വമാണ് കേരളത്തിൽ യു.ഡി.എഫിനെന്നായിരുന്നു കൊടിയേരിയുടെ പ്രസ്താവന. കൂടാതെ കുഞ്ഞാലിക്കുട്ടിക്ക് പാർട്ടി തെരഞ്ഞെടുപ്പ് ചുമതല നൽകിയതിനെ ദേശാഭിമാനി വിശേഷിപ്പിച്ചത് ലക്ഷ്യം മുസ്‌ലിം തീവ്രവാദികളുടെ ഏകോപനമെന്നായിരുന്നു.
ഇപ്പോഴിതാ സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കേരളത്തിൽ അമിത് ഷായുടെ കടമ ഏറ്റെടുക്കുന്നു. യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുത്താലെന്താ എന്ന ചോദ്യം ചോദിക്കുന്ന ഒരു സമൂഹമല്ല ഇവിടെയുമുള്ളത് എന്ന ആത്മവിശ്വാസത്തിലാണ് പിണറായി ആ സ്റ്റേറ്റ്മെന്റ് നടത്തുന്നത്.
ഇസ്‌ലാമോഫോബിയ ഉൽപ്പാദിപ്പിക്കുന്നത് ആർഎസ്എസ് മാത്രമല്ല. അവർ വിളവെടുപ്പുകാരാണ്. മതേതര സമൂഹത്തിൽ വർഗീയതയുടെ വിത്തു വിതച്ചതിന് ശേഷം വിളവെടുക്കുന്നവരെ നോക്കി ആർത്തുവിളിച്ചത് കൊണ്ട് കാര്യമില്ല.
പിണറായി വിജയനോട് ഒരപേക്ഷയേയുള്ളൂ. തെരഞ്ഞെടുപ്പുകളിലെ താൽക്കാലിക ലാഭത്തിന് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ വിഷം കലക്കരുത്. ഫാഷിസത്തോട് മറുചോദ്യങ്ങളുയരാത്ത ഗുജറാത്താക്കി കേരളത്തെ മാറ്റരുത്.
https://www.facebook.com/PkFiros/posts/227617715397670
Post Your Comments