ഇംഫാല്‍: മയക്കുമരുന്ന് കേസില്‍ പ്രതികളെ പിടികൂടിയതിന് ലഭിച്ച ധീരതയ്ക്കുള്ള പുരസ്കാരം തിരികെ നല്‍കി പൊലീസ് ഉദ്യോഗസ്ഥ. മണിപ്പൂർ സർക്കാർ നൽകിയ ധീരതയ്ക്കുള്ള അവാര്‍ഡാണ് എഎസ്പി തൗനജം ബ്രിന്ദ തിരികെ നല്‍കിയത്. കേസില്‍ കോടതിയുടെ നിരീക്ഷണം ചൂണ്ടിക്കാണിച്ചാണ് അവാര്‍ഡ് മടക്കി നല്‍കിയത്.
മയക്കുമരുന്നിനെതിരെ സര്‍ക്കാരിന്റെ നിലപാടിന് അനുസരിച്ച് ശക്തമായ നടപടി സ്വീകരിച്ചതിന് 2018 ഓഗസ്റ്റ് 13നാണ് മുഖ്യമന്ത്രിയുടെ ധീരതയ്ക്കുള്ള അവാര്‍ഡ് തൗനജം ബ്രിന്ദയ്ക്ക് ലഭിച്ചത്. എന്നാൽ കേസന്വേഷണം തൃപ്തികരമല്ലെ ന്ന് ചൂണ്ടിക്കാണിച്ച് മയക്കുമരുന്ന് കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥ മെഡല്‍ തിരികെ നല്‍കിയത്.
നീതിന്യായ വ്യവസ്ഥയ്ക്ക് അനുസരിച്ച് കൃത്യനിര്‍വഹണം നടത്താന്‍ സാധിച്ചില്ലെന്ന് സൂചിപ്പിച്ച് കൊണ്ടാണ് എഎസ്പി മെഡല്‍ തിരികെ നല്‍കിയത്. ”എനിക്ക് ഈ ബഹുമതിക്ക് അര്‍ഹതയില്ല. ആഭ്യന്തര വകുപ്പിനോടുള്ള എല്ലാ ബഹുമാനത്തോടും കൂടി മെഡല്‍ തിരികെ നല്‍കുന്നു” എന്ന് തൗനജം ബ്രിന്ദ പ്രതികരിച്ചു.
Post Your Comments