
കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വെച്ച് യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതിവേഗമായിരുന്നു പൊലീസ് നടപടി സ്വീകരിച്ചത്. പ്രതികളുടെ ദൃശ്യങ്ങൾ വരെ പൊലീസ് പുറത്തുവിട്ടു. മാസ്ക് വെച്ചിരിക്കുന്നതിനാൽ പ്രതികളെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച നടിയെ കുറ്റപ്പെടുത്താനാണ് കൂടുതൽ ആളുകളും ശ്രമിക്കുന്നത് എന്നത് മലയാളി സമൂഹത്തിന് തന്നെ അപമാനമാണ്.
സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയകളിൽ നടിക്കെതിരെ ഉയരുന്നത് വളരെ അപക്വവും മോശവുമായ പ്രതികരണങ്ങളാണ്. കാല് കാണിക്കാൻ നല്ല ധൈര്യമായിരുന്നല്ലോ? ആ ധൈര്യം ഒരുത്തൻ വന്ന് പിന്നിൽ തോണ്ടിയപ്പോൾ എവിടെ പോയെന്ന് ഒരുകൂട്ടർ ചോദിക്കുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപ് നടി അനശ്വര രാജന് പിന്തുണയുമായി ‘വീ ഹാവ് ലെഗ്സ്’ എന്ന ക്യാംപെയിന് ഈ നടിയും പിന്തുണ നൽകിയിരുന്നു.
സോഷ്യൽ മീഡിയകളിൽ മാത്രം വാ തുറക്കുന്ന ഇത്തരക്കാരുടെ വാക്കുകൾ വിശ്വസിക്കരുത് എന്ന് പറയുന്നവരും ഉണ്ട്. ശരീരം പ്രദർശിപ്പിക്കുന്ന രീതിയിൽ വസ്ത്രധാരണം നടത്തിയാൽ ആരാണെങ്കിലും ഒന്ന് തോണ്ടി പോകുമെന്നുമൊക്കെയുള്ള പ്രതികരണങ്ങൾ കാണുമ്പോൾ മലയാളി പുരുഷന്മാരുടെ ലൈംഗിക ഫ്രസ്ട്രേഷൻ വ്യക്തമാവുകയാണ്.
കുറ്റവാളികളെ ലജ്ജയില്ലാതെ ന്യായീകരിക്കാൻ തുനിഞ്ഞവരും ഒട്ടും കുറവല്ല. നടിയുടെ വസ്ത്രധാരണം അത്ര മോശമാണെങ്കിൽ കയറിപ്പിടിച്ചതിൽ തെറ്റില്ലെന്ന് വാദിക്കുന്നവരും ഉണ്ട്. മലയാളി പുരുഷന്റെ ഈ സ്വഭാവത്തിന് ഈ കാലഘട്ടത്തിലും മാറ്റം സംഭവിക്കാത്തത് എന്തുകൊണ്ടാണ്? പുരുഷന്മാർക്കൊപ്പം ചില സ്ത്രീകളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട് എന്നത് ഭയപ്പെടുത്തുന്ന കാഴ്ചയാണ്.
Post Your Comments