തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന രണ്ടാഴ്ചക്കാലം ഏറെ നിര്‍ണായകമാണെന്നും സംസ്ഥാനത്ത് കോവിഡിന്റെ പുതിയ ഘട്ടമാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. നമുക്ക് ഇനിയും കോവിഡിനെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ തോതില്‍ ആളുകളുടെ കൂടിച്ചേരലുകളാണ് ഉണ്ടായതെന്നും കോവിഡിന്റെ ഗ്രാഫ് വീണ്ടും ഉയരുമെന്ന ഭയം ശക്തമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കഴിഞ്ഞു. കോവിഡെല്ലാം പോയി എന്നു കരുതാതെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മാസ്‌ക് ധരിച്ചു മാത്രമേ ആള്‍ക്കൂട്ടത്തില്‍ ഇറങ്ങാവൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ യോഗങ്ങളും പരിപാടികളും നടത്താവൂ എന്ന കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും വലിയ തോതില്‍ ആളുകള്‍ കൂടിച്ചേരുന്ന സ്ഥിതിയുണ്ടായി. മാസ്‌ക് ധരിച്ചു എന്നത് ഏറെ ആശ്വാസകരമെങ്കിലും, അത് എല്ലായിടത്തും പാലിക്കപ്പെട്ടെന്ന് പറയാനാവില്ല. അവിടവിടെയായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
തദ്ദേശ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ചടങ്ങുകളുമെല്ലാം പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാകണം. വരുന്ന രണ്ടാഴ്ചക്കാലം ഏറെ നിര്‍ണായകമാണ്. ഏറെ കരുതിയിരിക്കേണ്ടതാണ്. എത്രമാത്രം വര്‍ധന ഉണ്ടാകുമെന്ന് രണ്ടാഴ്ചയോടെ മാത്രമേ പറയാനാകൂ. ശ്രദ്ധയോടെയുള്ള ഇടപെടലുണ്ടാകണം. അത്യാവശ്യമെങ്കില്‍ മാത്രമേ ആളുകള്‍ വീടിന് പുറത്തിറങ്ങാവൂ. രോഗ ലക്ഷണങ്ങള്‍ തോന്നുന്നവര്‍ ഉടന്‍ ചികിത്സ തേടണം. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കഴിയുക. കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് ശുചിയാക്കണം. രണ്ടു മീറ്റര്‍ അകലം പാലിച്ചു മാത്രമേ ആളുകളുമായി സംസാരിക്കാവൂ. ആളുകള്‍ സെല്‍ഫ് ലോക്ഡൗണ്‍ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Post Your Comments