തൃശ്ശൂര്‍ : അപവാദ പ്രചാരണം നടത്തുന്നവർക്കല്ല ജനങ്ങളുടെ ജീവിതാഭിലാഷം പൂര്‍ത്തിയാക്കാന്‍ സഹായിച്ച സര്‍ക്കാരിനാണ് അവർ വോട്ട് ചെയ്തതെന്ന് മന്ത്രി എ.സി മൊയ്തീന്‍. തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വസ്തുതയും ഇല്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി വടക്കാഞ്ചേരി ലൈഫ് മിഷനിൽ അപവാദ പ്രചാരണം തുടങ്ങിയത് സ്ഥലം എം.എല്‍.എ അനില്‍ അക്കരെയാണ്. ലൈഫ് മിഷനില്‍ രണ്ടര ലക്ഷം ആളുകള്‍ക്ക് വീട് വെച്ച് കൊടുത്തുകഴിഞ്ഞു. വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ 1600 പേര്‍ ഈ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് ലഭിച്ചവരാണ്. ലൈഫ് മിഷന്‍ വഴി ഭവനരഹിതരായ ആളുകളുടെ ജീവിതാഭിലാഷം പൂര്‍ത്തിയാക്കാന്‍ സഹായിച്ച സര്‍ക്കാരിനൊപ്പമാണ് നിന്നത്. അല്ലാതെ അപവാദക്കാരോടൊപ്പമല്ല നില്‍ക്കേണ്ടതെന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷന്റെ 140 ഭവനങ്ങള്‍ ഇപ്പോള്‍ പണി പൂര്‍ത്തീകരിച്ച് നല്‍കേണ്ട സമയമായിരുന്നു. അതിന് സ്ഥലം എം.എല്‍.എ കൊടുത്തൊരു പരാതി ബിജെപി കൂടി ചേര്‍ന്ന് യാതൊരു മാനദണ്ഡവുമില്ലാതെ സിബിഐ അന്വേഷണം ഉള്‍പ്പെടെ പ്രഖ്യാപിച്ച് പണി നിര്‍ത്തിവെപ്പിച്ചു. ഇത്തരം ഒരു സാഹചര്യം ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. വീട് മുടക്കുന്നവര്‍ക്കല്ല വീട് കൊടുക്കുന്നവര്‍ക്കാണ് വോട്ട് എന്ന് വടക്കാഞ്ചേരിയിലെ ജനങ്ങളും തീരുമാനിച്ചിട്ടുണ്ട്. വടക്കാഞ്ചേരിയില്‍ മാത്രമല്ല സമീപ പ്രദേശങ്ങളിലും നിങ്ങള്‍ക്ക് അതിന്റെ പ്രതിഫലനം കാണാമെന്നും എ.സി മൊയ്തീൻ പറഞ്ഞു.
.
Post Your Comments