കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് പുറത്തു പോകുന്ന പ്രമുഖരുടെ എണ്ണം കൂടുന്നു. ഇന്ന് ഒരും എംഎല്‍എ കൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ബരാക്‌പോർ എംഎൽഎ സില്‍ഭദ്ര ദത്തയാണ് ഇന്ന് പാര്‍ട്ടി വിട്ടത്.
രണ്ട് ദിവസത്തിനിടെ തൃണമൂലിൽ നിന്നും രാജിവയ്ക്കുന്ന മൂന്നാമത്തെ നേതാവാണ് സിൽഭദ്ര. മുതിർന്ന നേതാക്കളായ സുവേന്ദു അധികാരിയും ജിതേന്ദ്ര തിവാരിയുമാണ് നേരത്തെ പാർട്ടി വിട്ടത്.തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കൂടിയാണ് സിൽഭദ്ര ദത്ത. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ ഇദ്ദേഹം ബിജെപിയിൽ ചേരുമെന്ന സൂചനകളും ഉയരുന്നുണ്ട്. നേരത്തെ പാർട്ടിവിട്ട നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവാണ് സിൽഭദ്ര ദത്ത. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ബംഗാൾ സന്ദർശിക്കാനിരിക്കെയാണ് മുതിർന്ന നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നത് എന്നതും ശ്രദ്ധേയം.
പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വന്‍ തിരിച്ചടിയായി മാറുകയാണ് കടുത്ത പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് പാര്‍ട്ടി നീങ്ങുന്നത്. കൊഴിഞ്ഞുപോക്ക് തടയാനുള്ള തീവ്ര ശ്രമം തൃണമൂല്‍ നേതൃത്വം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാര്‍ട്ടി ഇന്ന് അടിയന്തര യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments