പത്തനംതിട്ട :ചരിത്രത്തിൽ ആദ്യമായി ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് വിജയം. റാന്നി പെരുനാട് പഞ്ചായത്തിലെ 9ാം വാർഡിലാണ് ബിജെപി സ്ഥാനാർഥിയായ മഞ്ജു പ്രമോദ് വിജയിച്ചത്. 91 വോട്ടിനാണ് മഞ്ജു വിജയിച്ചത്. മഞ്ജു പ്രമോദ് 406 വോട്ട് നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞുമോൾക്ക് 315 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ മായയ്ക്ക് 179 വോട്ടുകളാണ് ലഭിച്ചത്.
അതേസമയം യുഡിഎഫ് അധികാരത്തിലിരുന്ന റാന്നി പെരുനാട് പഞ്ചായത്തിലെ 15 വാർഡുകളിൽ 9 സീറ്റുകൾ നേടി ഇത്തവണ എൽഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. യുഡിഎഫ് ഒരു സീറ്റിലായി ഒതുങ്ങുകയും ചെയ്തു. ശബരിമല ഉൾപ്പെടെ അഞ്ച് വാർഡുകളിൽ ജയിച്ച എൻഡിഎയാണ് പ്രധാന പ്രതിപക്ഷം. ശബരിമല കൂടാതെ പെരുനാട്, നരണംതോട്, കക്കാട്, മാടമൺ എന്നീ വാർഡുകളാണ് എൻഡിഎ സ്വന്തമാക്കിയത്. കണ്ണന്നുമൺ, നെടുമൺ എന്നീ വാർഡുകളിൽ ബിഡിജെഎസ് സ്ഥാനാർഥികൾ രണ്ടാം സ്ഥാനത്തെത്തി.
ശബരിമല ഉൾപ്പെടുന്ന പെരുനാട് പഞ്ചായത്തിൽ ഇത് ആദ്യമായാണ് എൻഡിഎ 5 സീറ്റുകളിൽ വിജയം നേടുന്നത്. അതേസമയം ഇടതുപക്ഷം അധികാരത്തിലിരുന്ന പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് യുഡിഎഫ് ഭരണം പിടിച്ചത്. എന്നാൽ കഴിഞ്ഞ തവണ യുഡിഎഫിന് അനുകൂലമായി കാറ്റ് വീശിയപ്പോഴും സിപിഎമ്മിന് ലഭിച്ച വാർഡുകളായിരുന്ന കക്കാടും മാടമണ്ണും ഇത്തവണ എൽഡിഎഫിനെ കൈവിടുകയായിരുന്നു.
Post Your Comments