ദുബായ് : ആസ്മ ചികിത്സയ്ക്കും ശ്വാസ തടസ്സം നീക്കാനും ഉപയോഗിക്കുന്ന എപിഐ സിനോകോര്‍ട്ട് നാസല്‍ സ്പ്രേയുടെ ഒരു ബാച്ച് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ യുഎഇ ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു. മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന രീതിയിലുള്ള ഗുണനിലവാരം മരുന്നിന്റെ ഈ ബാച്ചിന് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
അമ്മാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനിയുടെ ആസ്മ സ്പ്രേയ്ക്കാണ് യുഎഇ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് വിതരണം ചെയ്യുന്ന സിനോകോര്‍ട്ട് നാസല്‍ സ്പ്രേയുടെ എംഇ-051 ബാച്ചിലുള്ള മരുന്നുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ ഡിസ്ട്രിക്ട് ഡയറക്ടര്‍മാര്‍ക്കും സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, ഫാര്‍മസി ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കും മന്ത്രാലയം സര്‍ക്കുലര്‍ അയച്ചു.
മരുന്നിന്റെ ഈ ബാച്ച് ഉടന്‍ തന്നെ രാജ്യത്തെ മുഴുവന്‍ വിതരണ കേന്ദ്രങ്ങളില്‍ നിന്നും പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും രോഗികള്‍ക്ക് ഈ മരുന്ന് കുറിച്ച് നല്‍കരുതെന്ന് ഡോക്ടര്‍മാര്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് പോളിസി അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയും മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള സുപ്രീം നാഷണല്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി അറിയിച്ചു.
Post Your Comments