വത്തിക്കാന്‍ : 84-ാം പിറന്നാള്‍ നിറവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയനായ മാര്‍പാപ്പ ശതാഭിഷിക്തനാകുമ്പോള്‍ ആഘോഷങ്ങളൊക്കെ ഒഴിവാക്കിയിരിക്കുകയാണ്. ഇറ്റാലിയന്‍ റെയില്‍വേ ജീവനക്കാരന്റെ അഞ്ചു മക്കളില്‍ ഒരാളായി 1936 ഡിസംബര്‍ 17ന് ബ്യൂനസ് ഐറിസിലാണ് മാര്‍പാപ്പ ജനിച്ചത്.
1969 ഡിസംബര്‍ 13ന് ഈശോസഭ (ജെസ്യൂട്ട്) വൈദികനായാണ് വൈദിക ജീവിതം തുടങ്ങിയത്. 1998ല്‍ ബ്യൂനസ് ഐറിസ് ആര്‍ച്ച്ബിഷപ്പായി. 2001ല്‍ കര്‍ദിനാളായി. അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ 2013 മാര്‍ച്ച് 13നാണു ഫ്രാന്‍സിസ് മാര്‍പാപ്പയായത്. കത്തോലിക്കാ സഭയുടെ 266-ാമത്തെ മാര്‍പാപ്പയാണ് ഇദ്ദേഹം.
മാര്‍പാപ്പയുടെ ലളിതമായ ജീവിതം ഇദ്ദേഹത്തെ ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ സ്വാധീനിച്ചു. ആര്‍ച്ച് ബിഷപ്പായിരിക്കുമ്പോള്‍ ഔദ്യോഗിക വസതി ഒഴിവാക്കി നഗരത്തിലെ ചെറിയ അപ്പാര്‍ട്മെന്റിലായിരുന്നു താമസിച്ചത്. മാര്‍പാപ്പയായ ശേഷവും വത്തിക്കാന്‍ പാലസ് ഉപേക്ഷിച്ച് അതിഥിമന്ദിരത്തിലെ സാധാരണ മുറിയില്‍ താമസമാക്കി. കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പൗരോഹിത്യത്തിന്റെ 51-ാം വാര്‍ഷികം ആഘോഷിച്ചത്.
Post Your Comments