ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പാർട്ടിയുടെ ദേശീയ നേത്യത്വത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്ന 23 മുതിർന്ന കോൺഗ്രസ് നേതാക്കളുമായി സോണിയ ഗാന്ധി ചർച്ചയ്‌ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. കമല്‍ നാഥാണ് കൂടിക്കാഴ്ചയ്ക്ക് വേദി ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ശനിയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തേക്കും.
അനുരഞ്ജന നീക്കങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച. ജ്യോതിരാദിത്യ സിന്ധ്യ ഒരുകൂട്ടം കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയിലേക്ക് പോയതിനെത്തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട കമല്‍ നാഥാണ് വിമത നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ സോണിയയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയില്‍ ആശങ്ക രേഖപ്പെടുത്തി നേരത്തെ സോണിയയ്ക്ക് കത്തയച്ച 23 നേതാക്കള്‍ പാര്‍ട്ടിക്ക് ഊര്‍ജസ്വലമായ ഒരു മുഴുവന്‍ സമയ നേതൃത്വം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തിടെ ബിഹാറില്‍ നടന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ പ്രകടനം മോശമായതോടെ പാര്‍ട്ടിയില്‍ വിമത സ്വരങ്ങള്‍ വീണ്ടും ഉയര്‍ന്നിരുന്നു. ആത്മപരിശോധന നടത്തുന്നതിനുള്ള സമയം അതിക്രമിച്ചിരുന്നുവെന്ന് തുറന്നടിച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ എഴുതിയ കത്ത് പുറത്തുവന്നിരുന്നു. പാര്‍ട്ടിയില്‍ സമഗ്ര വിലയിരുത്തല്‍ ആവശ്യപ്പെട്ട മുന്‍ ധനമന്ത്രി പി ചിദംബരം പാര്‍ട്ടിയെ അടിത്തറ മുതല്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
Post Your Comments