കഴുത്തില്‍ കുരുക്കിട്ട് വണ്ടിയില്‍ കെട്ടി റോഡിലൂടെ നായയെ വലിച്ചിഴച്ച ഞെട്ടിക്കുന്ന ക്രൂരത അടുത്തിടെ നമ്മള്‍ കണ്ടിരുന്നു. നായകളോടുള്ള പല ഉപദ്രവങ്ങളും അതിര് കടക്കാറുണ്ട്. മിണ്ടാപ്രാണിയെന്ന പരിഗണന പോലും കൊടുക്കാതെ അവയോട് നടത്തുന്ന ക്രൂരതയ്‌ക്കെതിരെ പലരും രംഗത്ത് വരാറുണ്ട്. ക്രൂരത കാട്ടുന്ന ഒരു വിഭാഗമുണ്ടെങ്കിലും ഭൂരിപക്ഷവും നായകളെ സ്‌നേഹിക്കുകയും അവയോട് വളരെ ദയാപൂര്‍വ്വം പെരുമാറുന്നവരുമാണ്. നായകളെ ആരാധിക്കാനായി മാത്രം നിര്‍മ്മിച്ച ഒരു ക്ഷേത്രത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്.
കര്‍ണാടകയിലെ ചന്നപട്ടണം എന്ന നഗരത്തിലാണ് ഈ വ്യത്യസ്ത ക്ഷേത്രം ഉള്ളത്. നായകളെ സ്‌നേഹിക്കുന്നവര്‍ക്ക് ചന്നപട്ടണ നഗരത്തിലെ അഗ്രഹാര വലഗരഹള്ളിയിലെ ഈ ക്ഷേത്രത്തിലേക്ക് പോകാം. ഈ ക്ഷേത്രം നിര്‍മ്മിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. ഗ്രാമത്തിലെ രണ്ട് നായ്ക്കളെ ഒരിക്കല്‍ കാണാതായി. ഗ്രാമത്തിലെ പ്രധാന ദേവതയായ കെപമ്മ ദേവിക്കായി ക്ഷേത്രം നിര്‍മ്മിച്ച വ്യവസായി കാണാതായ നായകള്‍ക്ക് വേണ്ടിയും ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു. വ്യവസായിയുടെ സ്വപ്നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ടെന്നും, ക്ഷേത്രം പണിയാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് ഇദ്ദേഹം പറയുന്നത്. മാത്രമല്ല, ക്ഷേത്രം പണിയുന്നത് മൂലം ഗ്രാമത്തിന്റെയും ഗ്രാമീണരുടെയും സംരക്ഷണം ഉറപ്പാക്കാന്‍ സാധിക്കുമെന്നും വ്യവസായി വിശ്വസിച്ചു.
ക്ഷേത്രം പണിയുന്നതിനെ കുറിച്ച് മറ്റൊരു കഥയുമുണ്ട്. കാണാതായ ആ രണ്ട് നായ്ക്കളെ കണ്ടെത്താന്‍ ദേവി ആ വ്യക്തിയോട് ആവശ്യപ്പെട്ടുവെന്നും, എന്നാല്‍ അതിന് കഴിയാതായപ്പോള്‍, പകരം ഒരു ക്ഷേത്രം പണിതുവെന്നുമാണ് പറയുന്നത്. ഗ്രാമീണര്‍ ഈ ക്ഷേത്രത്തില്‍ വളരെയധികം വിശ്വസിക്കുന്നുണ്ട്. ഒരു അവതാരമെന്ന നിലയില്‍ നായ്ക്കള്‍ക്ക് സമൂഹത്തിലെ എല്ലാ തെറ്റുകളെയും തിരുത്താനാവുമെന്നാണ് ഇവിടുത്തെ ഗ്രാമീണര്‍ വിശ്വസിക്കുന്നത്. ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ഗംഭീര ഉത്സവവും നടത്താറുണ്ട്. ഉത്സവത്തിന് ക്ഷേത്രത്തില്‍ ആടുകളെ ബലിയര്‍പ്പിക്കുകയും ഗ്രാമത്തിലെ എല്ലാ നായ്ക്കള്‍ക്കും അത് ഭക്ഷണമായി നല്‍കുകയും ചെയ്യും.
Post Your Comments