
ന്യൂഡല്‍ഹി: ഇന്തോ-പാക് യുദ്ധ വിജയത്തിന്റെ 50-ാം വാര്‍ഷിക ദിനാഘോഷങ്ങള്‍ക്ക് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കും. സ്വര്‍ണിം വിജയ് വര്‍ഷ് എന്ന് പേരിട്ട ആഘോഷത്തിൽ ദേശീയ യുദ്ധ സ്മാരകത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പങ്കെടുക്കും. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കര, വ്യോമ, നാവിക സേനാ മേധാവികളും രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിക്കും. വിപുലമായ ആഘോഷപരിപാടികളാണ് സ്വര്‍ണിം വിജയ് ദിനത്തിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ നടത്തുന്നത്. സെമിനാറുകള്‍ പ്രദര്‍ശനങ്ങള്‍, ഫിലിം ഫെസ്റ്റിവലുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കും.
ദേശീയ യുദ്ധ സ്മാരകത്തിലെ ദീപസ്തംഭത്തില്‍ നിന്നും നാല് ദീപങ്ങള്‍ തെളിയിക്കും. 1971 ലെ യുദ്ധത്തിലെ സേവനങ്ങള്‍ക്ക് പരംവീര്‍ ചക്രയും മഹാവീര്‍ ചക്രയും നല്‍കി രാജ്യം ആദരിച്ച സൈനികരുടെ ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ ഈ ദീപവുമേന്തി പ്രയാണം നടത്തും. 1971 ലെ വിമോചന സമരത്തില്‍ ധീരസേവനം നടത്തിയ സൈനികര്‍ക്ക് ഈസ്‌റ്റേണ്‍ കമാന്‍ഡ് ആദരവ് അര്‍പ്പിക്കും. ധീരസൈനികരുടെ സ്മരണയ്ക്ക് മുന്‍പില്‍ സൈനിക മേധാവികള്‍ പുഷ്പചക്രവും അര്‍പ്പിക്കും.
Post Your Comments