ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാനാകാത്ത ദിനമാണ് 1971ലെ ഡിസംബര്‍ 16. പാകിസ്ഥാനെതിരെ നടന്ന ബംഗ്ലാദേശ് യുദ്ധത്തില്‍ ഇന്ത്യന്‍ സേനയും ഗറില്ലാ പോരാളികളുടെ സംഘമായ ‘മുക്തി ബഹിനി’യും ചേര്‍ന്ന് വിജയകൊടിപാറിച്ച ദിനം. യുദ്ധത്തില്‍ നിരവധി ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു.
ഇവര്‍ക്ക് ആദരവ് അര്‍പ്പിച്ച് കൊണ്ട് അതിര്‍ത്തി സുരക്ഷാ സേനയിലെ സ്ത്രീകളും പുരുഷന്മാരും അതിര്‍ത്തിയോട് ചേര്‍ന്ന് അര്‍ദ്ധരാത്രി 180 കിലോമീറ്റര്‍ ദൂരം റിലേ ഓട്ടം നടത്തി. 11 മണിക്കൂറുകള്‍ കൊണ്ടാണ് സേന അംഗങ്ങള്‍ റിലേ പൂര്‍ത്തിയാക്കിയത്.
1971ലെ യുദ്ധത്തില്‍ മരിച്ച ധീര സൈനികരെ ആദരിച്ചുകൊണ്ട് ബംഗ്ലാദേശ് ഒരു സ്മാരകം പണിയുമെന്ന വാര്‍ത്ത നേരത്തെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു. പടിഞ്ഞാറന്‍ പാകിസ്ഥാന്‍ (നിലവിലെ പാകിസ്ഥാന്‍) സൈന്യം 1971 മാര്‍ച്ച് 25 ന് കിഴക്കന്‍ പാകിസ്ഥാനിലെ(നിലവിലെ ബംഗ്ലാദേശ്) ബംഗാളി ദേശീയ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുന്നതിനായി ഓപ്പറേഷന്‍ സെര്‍ച്ച്ലൈറ്റ് ആരംഭിച്ചതാണ് ബംഗ്ലാദേശ് വിമോചനയുദ്ധത്തിന് തുടക്കം കുറിച്ചത്.
ഇത് ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിന് കാരണമായി.ഡിസംബര്‍ 3ന് ആരംഭിച്ച യുദ്ധം 13 ദിവസമാണ് നീണ്ടു നിന്നത്. ഒടുവില്‍ ഡിസംബര്‍ 16ന് ഇന്ത്യന്‍ സേനയ്ക്ക് മുന്നില്‍ മുട്ടുമടക്കിയ പാകിസ്ഥാന്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.
Post Your Comments