അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ആദൃ ഘട്ട ജനകീയ വോട്ടെടുപ്പിലും (പോപ്പുലർ വോട്ട്) തിങ്കളാഴ്ച നടന്ന (ഡിസംബർ 14) രണ്ടാം ഘട്ട ഇലക്ടറൽ കോളേജ് വോട്ടെടുപ്പിലും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോബൈഡൻ വിജയം കൈവരിച്ചു. ഒപ്പം 2016 ൽ പോപ്പുലർ വോട്ടിൽ ജയിച്ചിട്ടും ഇലക്ടറൽ കോളേജിൽ ട്രംപിനോട് പരാജയപ്പെട്ട ഹിലരി ക്ലിൻറ്റൺ ന്യൂയോർക്ക് സംസ്ഥാനത്തെ ഇലക്ടറൽ കോളേജ് വോട്ടെടുപ്പിൽ ജോബൈഡനും കമലാ ഹാരിസിനും വോട്ടു ചെയ്ത് ട്രംപിനോട് കണക്കു തീർക്കുകയും ചെയ്തു.
Read Also : ശബരിമല ദര്ശനത്തിനായുള്ള കൊവിഡ് മാര്ഗനിര്ദേശങ്ങള് പുതുക്കി ആരോഗ്യവകുപ്പ്
അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾക്കും സർക്കാരിൽ ഉദ്യോഗം വഹിക്കുന്നവർക്കും അംഗങ്ങളാനാകില്ലെങ്കിലും താരപ്പൊലിമയും പ്രാഗത്ഭൃവുമുള്ളവരായിരുന്നു ഇത്തവണത്തെ ഇലക്ടറൽ കോളേജ് അംഗങ്ങളിൽ ഭൂരിഭാഗവും. ഡെമോക്രാറ്റിക് പാർട്ടിയുടെ താരം ഹിലരിയായിരുന്നുവെങ്കിൽ റിപ്പബ്ളിക്കൻ പാർട്ടിയുടേത് 2024ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വനിതാ നേതാവും ദക്ഷിണ (സൗത്ത്) ഡക്കോട്ട ഗവർണറുമായ ക്രിസ്റ്റി നോയമായിരുന്നു. ബൈഡന്റെ നോമിനി 93കാരനായ പോൾ മെക്കലോസ്കിയായിരുന്നു. ഇലക്ടറൽ കോളേജിലെ ഏറ്റവും പ്രായം കൂടിയ അംഗം 1972ൽ റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥിയാകാൻ പ്രസിഡണ്ട് റിച്ചാർഡ് നിക്സണെതിരെ മത്സരിച്ചയാളും മുൻ കോൺഗ്രസ് അംഗവുമാണ് പോൾ.
2018 ൽ ജോർജിയ ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ഡെമോക്രാറ്റിക് പാർട്ടിയുടെ കറുത്ത വംശജയായ സ്റ്റെയ്സീ എബ്രഹാമും 2016ൽ സെനറ്റർ ബേർണീ സാൻഡേഴ്സിനെ പിന്തുണച്ച മിനസോട്ടയിൽ നിന്നുള്ള മുഹമ്മദ് അബ്ദുറഹ്മാനും ഉൾപ്പെട്ടതായിരുന്നു വിവിധ സംസഥാനങ്ങളിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഇലക്ടറൽ കോളേജ് സംഘം. സ്റ്റെയ്സിയുടെ മികവിലാണ് ബൈഡൻ ജോർജിയ പിടിച്ചത്.
ക്യൂബയിൽ നിന്ന് കുടിയേറിയ മാക്സിമോ അലവറസ് റിപ്പബ്ളിക്കൻ പാർട്ടിയുടെ ഫ്ലോറിഡ സംസ്ഥാന ഇലക്ടറൽ കോളേജിലുണ്ടായിരുന്നു. ട്രംപിന്റെ പ്രമുഖ വക്താവായിരുന്ന മാക്സിമോ, .ബൈഡൻ ജയിച്ചാൽ അമേരിക്ക കമ്മ്യൂണിസ്റ്റ് അരാജകത്വം നടമാടുന്ന രാജൃമായിത്തീരുമെന്ന വിമർശനം ഉന്നയിച്ചയാളുംകൂടിയാണ്
2016ൽ ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റിൽ അമേരിക്കൻ കോൺഗ്രസിലേക്ക് മത്സരിച്ചു തോറ്റ കാരി പെനേബേക്കർ വിസ്കോൺസിൻ സംസ്ഥാനത്തെ 10 ഇലക്ടറൽ കോളേജ് അംഗങ്ങളിലെ രണ്ട് കറുത്ത വർഗ്ഗക്കാരിൽ ഒരാളായിരുന്നു. റിപ്പബ്ലിക്കൻ കേന്ദ്രമായ ടെക്സാസ്സിലെ 38 പേരിൽ ഒരാൾ 5 കുട്ടികളുടെ മാതാവും സാമുഹിക പ്രവർത്തകയുമായ നവോമി നർവെയ്സും.
32 സംസ്ഥാനങ്ങളിലും കൊളംബിയ ഡിസ്ട്രിക്ടിലും പോപ്പുലർ വോട്ടിൽ ഭൂരിപക്ഷം നേടുന്ന സ്ഥാനാർഥിക്കു തന്നെ അവിടങ്ങളിൽ നിന്നുള്ള ഇലക്ട്രറൽ കോളേജ് അംഗങ്ങൾ വോട്ട് ചെയ്യണമെന്ന നിയമ വൃവസ്ഥയുണ്ട്. ഇതിന് ജൂലൈയിൽ സുപ്രീം കോടതി അംഗീകാരം നൽകുകയും ചെയ്തിരുന്നു. പെൻസിൽവാനിയ, ജോർജിയ എന്നിവയുൾപ്പെടെ 17 സംസ്ഥാനങ്ങളിൽ ഇങ്ങനെയൊരു വകുപ്പ് നിലവിലില്ല. എങ്കിലും ജനകീയ വോട്ടെടുപ്പിൽ ഭൂരിപക്ഷം നേടുന്ന വ്യക്തിക്ക് തന്നെയാണ് ഈ സംസ്ഥാനങ്ങളിലെ ഇലക്ട്രൽ കോളേജ് അംഗങ്ങൾ വോട്ട് ചെയ്യുക. ഇതിനൊരപവാദമായിരുന്നു 2016 ലെ തെരഞ്ഞെടുപ്പ്. അത്തവണ 5 ഇലക്ട്രൽ കോളേജ് അംഗങ്ങൾ ഹിലരിക്കെതിരെയും രണ്ടുപേർ ട്രംപിനെതിരെയും കളം മാറിയ അനുഭവമുണ്ട്.
പ്രസിഡണ്ട് സ്ഥാനത്ത് കടിച്ചുതൂങ്ങാൻ ട്രംപ് നടത്തിയ കളികളും കൂട്ടലും കിഴിക്കലും പ്രതീക്ഷയും ഒക്കെ പാളി. ജോബൈഡനും പാർട്ടിയും കരുതിയതുപോലെ തന്നെ കാരൃങ്ങൾ എത്തിച്ചേരുകയാണ്. ഇനി 2021 ജനുവരി 6ന് പാർലമെണ്ടിന്റെ സംയുക്ത സമ്മേളനം ചേർന്ന് വോട്ടെണ്ണലും അന്തിമ ഫലപ്രഖ്യാപനവും തുടർന്ന് 2021 ജനുവരി 20ന് പുതിയ പ്രസിഡണ്ടന്റ് സ്ഥാനമേൽക്കലും. അമേരിക്കയിലെ സങ്കീർണ്ണമായ മറ്റൊരു പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് അവസ്സാനമാകാൻ ഇനിയും ഒരു മാസ്സത്തിലേറെ കാക്കണം.
ലാലു ജോസഫ്
Post Your Comments