തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഇനി മുതല്‍ പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ശബരിമലയിലെ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശം പുതുക്കിയതോടെയാണ് പുതിയ നിര്‍ദ്ദേശം നിലവില്‍ വന്നത്. ഈ മാസം ഇരുപത്തിയാറിന് ശേഷം ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ നിര്‍ബന്ധമായും പിസിആര്‍ പരിശോധന ചെയ്തിരിയ്ക്കണം. തീര്‍ത്ഥാടകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പിസിആര്‍ പരിശോധന ബാധകമാണ്.
ശബരിമലയില്‍ കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 36 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 238 പേരാണ് പരിശോധനയ്ക്ക് വിധേയരായത്. തുടര്‍ന്നാണ് മാര്‍ഗ നിര്‍ദ്ദേശം പുതുക്കാന്‍ ദേവസ്വം ബോര്‍ഡും ആരോഗ്യ വകുപ്പും തീരുമാനിച്ചത്. 24 മണിക്കൂര്‍ മുമ്പുളള പിസിആര്‍ പരിശോധന ഫലമായിരിക്കണം ഭക്തര്‍ കരുതേണ്ടത്. നിലയ്ക്കല്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് നടത്തിയ കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റാണ് കൊണ്ടു വരേണ്ടത്.
കഴിഞ്ഞ ദിവസം കണ്ടെത്തിയ രോഗബാധിതരില്‍ 18 പൊലീസുകാരും 12 ദേവസ്വം ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു. രോഗബാധിതരെ പമ്പയിലെത്തിച്ച് അവിടെ നിന്ന് ജില്ലയിലെ വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റി. രോഗികളുമായി സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നവരോട് സന്നിധാനം വിട്ടുപോകാനും നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments