Latest NewsKeralaNews

ലിഫ്റ്റ് നിന്നു പോയി ; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ തലയ്ക്കുള്ളിലും വാരിയെല്ലിലും പൊട്ടലുണ്ട്

തൃശൂര്‍ : ലിഫ്റ്റ് നിന്നു പോയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് താഴേക്ക് വീണ് ഗുരുതര പരിക്ക്. നിന്നു പോയ ലിഫ്റ്റില്‍ നിന്ന് പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പാലക്കാട് സ്വദേശി അശോകന് (42) ഗുരുതര പരിക്കേറ്റത്. ആദ്യം ആറര നില താഴ്ചയിലേക്കും (ഭൂനിരപ്പു വരെ) പിന്നെ എട്ടടിയോളം ആഴത്തിലേക്കും അശോകന്‍ വീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ തലയ്ക്കുള്ളിലും വാരിയെല്ലിലും പൊട്ടലുണ്ട്. ഇടുപ്പെല്ലും തകര്‍ന്ന നിലയിലാണ്.

കിഴക്കേക്കോട്ട കീരംകുളങ്ങര ഗായത്രി അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. ഇദ്ദേഹം ഇവിടെയാണ് താമസിക്കുന്നത്. തറനിരപ്പില്‍ നിന്നു വീണ്ടും എട്ടടിയോളം താഴ്ചയുള്ള ലിഫ്റ്റ് വെല്ലിനുള്ളില്‍ വീണു കിടക്കുന്ന നിലയിലാണ് അശോകനെ കണ്ടത്. കെട്ടിടത്തിന്റെ ആറാം നിലയ്ക്കും ഏഴാം നിലയ്ക്കുമിടയില്‍ വെച്ചാണ് ലിഫ്റ്റ് നിന്നു പോയത്. തുടര്‍ന്ന് ലിഫ്റ്റില്‍ നിന്നു പുറത്തു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാല്‍വഴുതി ലിഫ്റ്റിനും ഭിത്തിക്കുമിടയിലെ വിടവിലൂടെ താഴേക്കു വീണത്.

എട്ടാംനിലയില്‍ താമസിക്കുന്ന അശോകന്‍ താഴേക്കിറങ്ങാനായി കയറിയ ലിഫ്റ്റ് ഏഴാം നില കഴിഞ്ഞപ്പോള്‍ നിന്നു പോകുകയായിരുന്നു. ഏഴാം നിലയ്ക്കും ആറാം നിലയ്ക്കും ഇടയിലായി നിന്നു പോയ ലിഫ്റ്റിന്റെ വാതില്‍ പുറത്തു നിന്നു ഫ്‌ലാറ്റിലെ മറ്റ് താമസക്കാര്‍ താക്കോലിട്ടു തുറന്നു കൊടുത്തു. പാതി തുറന്ന വാതിലിലൂടെ ഏഴാം നിലയിലേക്കു പിടിച്ചു കയറുന്നതിനിടെയാണ് ഇദ്ദേഹം താഴേക്ക് വീണത്. താഴെ വീണ ഇദ്ദേഹത്തെ കോണി വച്ച് മുകളിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങളെ അറിയിച്ചു. ലിഫ്റ്റ് വെല്ലില്‍ ഇറങ്ങി ഏറെ പണിപ്പെട്ടാണ് അഗ്‌നിശമന സേനാംഗങ്ങള്‍ അശോകനെ പുറത്ത് എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button