വാഷിംഗ്‌ടൺ: പുതിയ ഭരണത്തിനൊരുങ്ങി അമേരിക്ക. 538 അംഗങ്ങളുള്ള ഇലക്ടറൽ കോളേജ് പുതിയ പ്രസിഡന്റായി ജോ ബൈഡനെയും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസിനെയും ഔദ്യോഗികമായി തെരഞ്ഞെടുത്തു. വെല്ലുവിളികൾക്കിടയിലും ജനാധിപത്യ പ്രക്രിയ വിജയിച്ചതിൽ അഭിമാനമുണ്ടെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
ഇതോടെ നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും നിയുക്ത പ്രസിഡന്റ് ജോ ബൈഡനും ലഭിച്ച ഇലക്ടറൽ വോട്ടുകൾ സംബന്ധിച്ച് ഔദ്യോഗിക കണക്കുകളായി. ജോ ബൈഡന് 306 ഇലക്ടറൽ വോട്ടുകളാണ് ആകെ ലഭിച്ചതെന്ന് അമേരിക്കൻ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ട്രംപിന് വെറും 232 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് നേടാനായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
വൈറ്റ് ഹൗസിൽ ഇനി വള കിലുക്കം
ഇന്ത്യൻ വംശജയായ കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയാണ്. യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ഈ സ്ഥാനത്തേക്കെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന നേട്ടവും കമല ഹാരിസിന് സ്വന്തം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്ന വെളുത്ത വംശജനോ വംശജയോ അല്ലാത്ത ആദ്യ വ്യക്തിയെന്ന നേട്ടത്തിനും കമല ഹാരിസ് ഉടമയായി. അമേരിക്കയിൽ സുപ്രധാന സ്ഥാനത്തേക്ക് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി നിർദേശിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയെന്ന പ്രത്യേകതയുമുണ്ട് 55 വയസുകാരിയായ കമലയ്ക്ക്.
ഡെമോക്രാറ്റിക് പാർട്ടിയാണ് കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചത്. പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബെെഡൻ ജയമുറപ്പിച്ചതോടെ കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുമെന്നും ഉറപ്പിച്ചിരിക്കുകയാണ്. പെൻസിൽവാനിയയിലും ജയം നേടിയതോടെയാണ് ബൈഡൻ പ്രസിഡന്റ് സ്ഥാനമുറപ്പിച്ചത്.
Post Your Comments