മുംബൈ : കുര്‍ള എല്‍ടിടി റെയില്‍വേ ടെര്‍മിനസില്‍ നിന്ന് രണ്ട് കോടി രൂപയുടെ കാശ്മീരി ചരസുമായി രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും ഞായറാഴ്ച അറസ്റ്റ് ചെയ്തതായി മയക്കു മരുന്ന് നിയന്ത്രണ ബ്യൂറോ (എന്‍സിബി) അധികൃതര്‍ അറിയിച്ചു.
അഫ്താബ് ഷെയ്ഖ്, സാബിര്‍ സയ്യിദ്, ഷമീം ഖുരേഷി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 6.628 കിലോഗ്രാം കാശ്മീരി ചരസ് എന്ന ഒരു ഇനം കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തതെന്നും അവര്‍ പറഞ്ഞു. മൂന്ന് പേരും കുര്‍ള ഈസ്റ്റിലെ താമസക്കാരാണ്. മൂന്ന് പ്രതികളും നേരത്തെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് സംശയിക്കുന്നതായി മുംബൈ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു.
എന്‍ഡിപിഎസ് നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും സമീര്‍ വാങ്കഡെ പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ കാണപ്പെടുന്ന ചരസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാശ്മീരി ചരസ് ഗുണനിലവാരത്തില്‍ അല്‍പം താഴ്ന്നതാണെന്ന് വാങ്കഡെ പറഞ്ഞു. അറസ്റ്റിലായ മൂവരും ഡല്‍ഹിക്കും മുംബൈയ്ക്കും ഇടയില്‍ സ്ഥിരമായി ചരസ് കടത്തുന്നവരാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി മുംബൈയിലെ അനധികൃത മയക്കു മരുന്ന് വ്യാപാരം കണ്ടെത്താന്‍ ഫെഡറല്‍ ആന്റി-ഡ്രഗ് ഏജന്‍സി പരിശോധന ശക്തമാക്കിയിരുന്നു.
Post Your Comments