ദോഹ : 200 റിയാലിന്റെ കറന്‍സി പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. പുതിയ സീരീസിലുള്ള കറന്‍സികള്‍ അവതരിപ്പിച്ചതിനൊപ്പമാണ് 200 റിയാലിന്റെ പുതിയ നോട്ടും പുറത്തിറക്കിയത്. ഖത്തരി റിയാല്‍ അഞ്ചാം സീരീസാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ദേശീയ ദിനമായ ഡിസംബര്‍ 18 മുതല്‍ പുതിയ നോട്ടുകള്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ 200 റിയാല്‍ നോട്ടില്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ ജാസിം അല്‍താനിയുടെ കൊട്ടാരം, ഖത്തര്‍ നാഷണല്‍ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് എന്നിവയുടെ ചിത്രങ്ങള്‍ അടങ്ങിയിട്ടുണ്ട്. കാഴ്ചാ വൈകല്യം ഉള്ളവര്‍ക്ക് തൊട്ടറിയുന്നതിനായി നോട്ടിലെ അക്കങ്ങളും തിരശ്ചീന രേഖയും നോട്ടിന്റെ പ്രതലത്തില്‍ നിന്ന് അല്‍പ്പം ഉയര്‍ത്തിയാണ് നല്‍കിയിരിക്കുന്നത്. നിലവിലുള്ള എല്ലാ കറന്‍സികളുടെയും പുതിയ പതിപ്പുകള്‍ പുതിയ 200 റിയാലിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്.
ഖത്തര്‍ ദേശീയ പതാക, പരമ്പരാഗത ജ്യാമിതീയ രൂപങ്ങള്‍, ദരീമ അഥവാ ഖത്തരി സസ്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് നോട്ടിന്റെ മുന്‍ഭാഗത്തെ ഡിസൈന്‍. ഖത്തറിന്റെ പാരമ്പര്യം, ഇസ്ലാമിക ചരിത്രം, സംസ്കാരം, വിദ്യാഭ്യാസ വികസനം, കായിക രംഗം, സാമ്പത്തിക മേഖല, ഖത്തറിലെ സസ്യ ജന്തുജാലങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഡിസൈനുകളാണ് നോട്ടുകളുടെ പിറകു വശത്ത് നല്‍കിയിട്ടുള്ളത്.
പുതിയ 100 റിയാല്‍ കറന്‍സിയില്‍ അബൂ അല്‍ ഖുബൈബ് പള്ളിയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഖത്തറിലെ ഏറ്റവും വലിയ കറന്‍സിയായ 500 റിയാലിന്റെ പുതിയ നോട്ടില്‍ റാസ് ലഫാനിലെ എല്‍എന്‍ജി റിഫൈനറിയും എല്‍എന്‍ജി കപ്പലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള പഴയ നോട്ടുകള്‍ പെട്ടെന്നു പിന്‍വലിക്കില്ലെന്നും അവ പ്രാബല്യത്തില്‍ തുടരുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
Post Your Comments