കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ കേന്ദ്രസേനയെ ഇറക്കണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ. സംസ്ഥാനത്തെ രാഷ്ട്രീയ ആക്രമണങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും തടയാന്‍ ഉടന്‍ കേന്ദ്രസേനയെ ഇറക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം പിടിക്കാന്‍ ആക്രമണങ്ങള്‍ നടത്തുകയാണെന്നും കൈലാഷ് പറഞ്ഞു.
അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കൈലാഷ് വിജയ് വര്‍ഗീയ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു. ഭയത്തിനും അക്രമത്തിനും ഒരിടവും പാടില്ലെന്നും മമതയുടെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതിനാല്‍ അക്രമത്തിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും കൈലാഷ് പറഞ്ഞു.
പശ്ചിമ ബംഗാളിലെ ക്രമസമാധാന നില തകരാറിലാണെന്ന് ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മമത തീ കൊണ്ടു കളിക്കാന്‍ നില്‍ക്കരുതെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലെറിഞ്ഞതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
Post Your Comments