ന്യൂഡല്‍ഹി: 15 ദിവസം തീവ്രയുദ്ധം നടത്തുന്നതിനുളള ആയുധങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ . പാകിസ്ഥാനും ചൈനയും നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സേന കൂടുതല്‍ ആയുധങ്ങള്‍ സംഭരിക്കാനൊരുങ്ങുന്നത്. ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. മിസൈലുകളും ടാങ്കുകളും ഉള്‍പ്പടെ ശത്രുക്കള്‍ക്ക് കനത്ത നാശം വിതയ്ക്കാന്‍പോന്ന ആയുധങ്ങളാണ് സംഭരിക്കുക. ഇതിനായി കൂടുതല്‍ പണവും അനുവദിച്ചിട്ടുണ്ട്.
നേരത്തേ പത്തുദിവസത്തെ തീവ്ര യുദ്ധത്തിന് വേണ്ട ആയുധങ്ങള്‍ സംഭരിക്കാനായിരുന്നു സൈന്യത്തിന് അനുവാദം നല്‍കിയിരുന്നത്. വന്‍ വിലയുളള ആയുധങ്ങള്‍ നിശ്ചിത സമയപരിധിക്കുളളില്‍ ഉപയോഗിക്കാതിരുന്നതാല്‍ കനത്ത സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും എന്നതിനാലാണ് പത്തുദിവസത്തേക്കുളള ആയുധങ്ങള്‍ മാത്രം സംഭരിക്കാന്‍ അനുവാദം നല്‍കിയിരുന്നത്.
എന്നാല്‍ 2016 സെപ്റ്റംബര്‍ 18-ന് നടന്ന ഉറി ഭീകരാക്രമണത്തിനുളള മറുപടിയായി ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തികടന്ന് നടത്തിയ മിന്നലാക്രമണത്തിന് ശേഷമാണ് സൈന്യം കൂടുതല്‍ ആയുധങ്ങള്‍ സംഭരിക്കേണ്ടതിന്റെ ആവശ്യകത ബന്ധപ്പെട്ടവര്‍ക്ക് മനസിലായത്. അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കര, വ്യോമ സേനകള്‍ക്ക് അവശ്യസന്ദര്‍ഭങ്ങളില്‍ ആയുധം വാങ്ങുന്നതിനുളള ഫണ്ട് 500 കോടിയായി ഉയര്‍ത്തി. ഇതിന് മുമ്പ് ഇത് നൂറുകോടി മാത്രമായിരുന്നു.
രാജ്യത്തിന്റെ പരമാധികാരത്തിന് വെല്ലുവിളിയായി ചൈനയുടെയോ പാകിസ്ഥാന്റെയോ ഭാഗത്തുനിന്നുണ്ടാകുന്ന ഒരു ചെറുനീക്കത്തിനുപോലും ശക്തമായി തിരിച്ചടിക്കും എന്ന മുന്നറിയിപ്പാണ് ഇന്ത്യ ഇതിലൂടെ നല്‍കുന്നത്.
Post Your Comments