ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനവൂഹത്തിനു നേരെയുണ്ടായ കല്ലേറില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഗവര്‍ണറോട്
ബംഗാളിലെ ക്രമസമാധാനം സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്‌തു. സംസ്ഥാനത്തെ ക്രമസമാധാനത്തെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം.12 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗാളിലെത്തിയതാണ് ജെ.പി നഡ്ഡ.
നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കൊല്‍ക്കത്തയില്‍ നിന്ന് 60 കിലോ മീറ്റര്‍ അകലത്തിലാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ അമിത് ഷായ്ക്ക് സംസ്ഥാന ബി.ജെ.പി നേതൃത്വം പരാതി നല്‍കിയിരുന്നു.ജെ.പി നഡ്ഡയുടെ യാത്രയിലുടനീളം ചിലര്‍ അദ്ദേഹത്തെ കരിങ്കൊടി കാണിച്ചിരുന്നു. നഡ്ഡയുടെ സംസ്ഥാന സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായെന്നും അദ്ദേഹത്തിന്റെ പരിപാടികളില്‍ പൊലിസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും വിഷയത്തില്‍ അമിത് ഷായ്ക്കും കേന്ദ്രനേതൃത്വത്തിനും കത്തെഴുതിയിട്ടുണ്ടെന്നുമാണ് ദിലീപ് ഘോഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ആറുമാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചരണത്തിനായാണ് നഡ്ഡ എത്തിയത്. യമണ്ട് ഹാര്‍ബര്‍ പ്രദേശത്തേക്കുള്ള യാത്രയ്ക്കിടയിലാണ് നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. അക്രമികള്‍ കല്ലെറുന്നതിന്റെ ദൃശ്യങ്ങള്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വര്‍ഗീയ ട്വീറ്റ് ചെയ്തു. കല്ലേറില്‍ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തു. അസഹിഷ്ണുതയും അധാര്‍മ്മികതയും നിറഞ്ഞ ഒരു സംസ്ഥാനമായി ബംഗാളിനെ മമത സര്‍ക്കാര്‍ എങ്ങനെ മാറിയെന്ന് ഈ യാത്രയിലൂടെ തനിക്ക് കാണാന്‍ സാധിച്ചുവെന്ന് അക്രമണത്തിന് പിന്നാലെ ജെ.പി നഡ്ഡ പ്രതികരിച്ചു.
നഡ്ഡയുടെ വാഹനത്തിന് പുറമേ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയുടെ വാഹനത്തിന് നേരെയും അക്രമണമുണ്ടായി. മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. അതേസമയം ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു.
Post Your Comments