ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരിയില്‍ അജ്ഞാത രോഗത്തിന്റെ കാരണം പുറത്ത് വിട്ട് എയിംസ്. രോഗം ബാധിച്ച ആളുകളുടെ രക്തത്തില്‍ ലെഡിന്റെയും നിക്കലിന്റെയും അംശമെന്ന് റിപ്പോര്‍ട്ട്. എംയിസ് ഡോക്ടര്‍മാരുടെ സംഘം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രദേശത്ത് നിന്ന് ശേഖരിച്ച കുടിവെള്ളത്തിലും ഇവയുടെ അംശമുള്ളതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആന്ധ്രാപ്രദേശിലെ ഏലൂരിലെ പ്രദേശവാസികള്‍ക്കാണ് അജ്ഞാത രോഗം ബാധിച്ചത്. ഇതുവരെ 500നടുത്ത് ആളുകള്‍ക്ക് രോഗബാധയുണ്ടായി. ഡിസംബര്‍ അഞ്ചു മുതലാണ് രോഗം പിടിപെട്ട് തുടങ്ങിയത്.
എന്നാൽ രോഗം പിടിപെട്ടവരില്‍ 45 ലധികവും 12 വയസില്‍ താഴെയുള്ള കുട്ടികളാണ്. എല്ലാവര്‍ക്കും അപസ്മാരത്തിന് സമാനമായ രോഗലക്ഷണമാണ് കാണിക്കുന്നത്. പലര്‍ക്കും ഛര്‍ദ്ദിയും തളര്‍ച്ചയും ഉണ്ട്. വിവിധ ഡോക്ടര്‍മാരുടെ സംഘം രോഗത്തെക്കുറിച്ച് പഠിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയിലാണ് രോഗികളുടെ രക്തത്തില്‍ ലെഡിന്റെയും നിക്കലിന്റെയും അംശം കണ്ടെത്തിയതായി അറിയിച്ചത്. എംയിസിലെ ഡോക്ടര്‍മാരുടെ സംഘം കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണെന്നും ഉടന്‍ ഫലം ലഭിക്കുമെന്നാണ് കരുതുന്നതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. രോഗികളുടെ ശരീരത്തില്‍ ലെഡിന്റെയും നിക്കലിന്റെയും അംശങ്ങള്‍ എന്നതിനെ സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം രോഗം ബാധിച്ചവര്‍ പരസ്പരം ബന്ധമില്ലാത്ത, എലൂരുവിലെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ചവര്‍ ആരും പൊതുവായി ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രോഗികളില്‍ ഭൂരിഭാഗവും പ്രായമായവരും കുട്ടികളുമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെയെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും എല്ലാരുടെയും റിസള്‍ട്ട് നെഗറ്റീവ് ആണ്.
അടിയന്തരമായി എലൂരുവിലെ ആശുപത്രിയില്‍ 150 കിടക്കകളും വിജയവാഡയില്‍ 50 കിടക്കകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ജീവന് ഭീഷണിയൊന്നുമില്ല, സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനങ്ങള്‍ ഇതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി വ്യക്തിപരമായി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം രോഗബാധിതരായ ആളുകള്‍ പെട്ടെന്ന് സുഖം പ്രാപിക്കുകയും എന്നാല്‍ വീണ്ടും രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തുന്നുണ്ടെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇവരെല്ലാം സുരക്ഷിതരാണെന്നും അവര്‍ വ്യക്തമാക്കി. ദുരിതബാധിത പ്രദേശങ്ങളില്‍ വീടുതോറും സര്‍വേ നടത്താനും അടിയന്തിര മരുന്നുകള്‍ ലഭ്യമാക്കാനും ജില്ലാ മെഡിക്കല്‍, ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നഗരത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിക്കുമെന്നും ആരോഗ്യ സംഘങ്ങള്‍ പ്രദേശം പരിശോധിച്ച് മലിനമായ ഭക്ഷണമോ വെള്ളമോ ദുരിതബാധിതര്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments