കൊച്ചി : കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് ഓഫീസിൽ ഏർപ്പെടുത്തിയിരുന്ന കേന്ദ്ര സേന സുരക്ഷ പിൻവലിച്ചു. സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയത്. ആവശ്യമെങ്കിൽ ഇനി സംസ്ഥാന പോലീസിന്റെ സഹായം തേടിയാൽ മതിയെന്നും കേന്ദ്രം നിർദ്ദേശിച്ചു.
കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പ്രതികൾക്കും വധഭീഷണിയുണ്ടെന്ന് ഐ.ബിയും റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് സായുധസേനയുടെ അകമ്പടിയോടെയാണ് കസ്റ്റംസ് പിന്നീട് എല്ലാ നീക്കങ്ങളും നടത്തിയത്. പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.
അതേസമയം സുരക്ഷ പിൻവലിച്ചതിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കിടയിൽ വൻ പ്രതിഷേധം ഉയരുകയാണ്. അന്വേഷണം നിർണായകഘട്ടത്തിൽ എത്തിനിൽക്കെ സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങളെ പോലും ബാധിക്കും. കേസ് സംബന്ധിച്ച് പ്രതികൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മതിയായ സുരക്ഷയില്ലാതെ കോടതിയിലും മറ്റും പോകുന്നതും അപകടകരമാകുമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഈ സാഹചര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സുരക്ഷ ആവശ്യപ്പെട്ട് കമ്മീഷണർ വീണ്ടും കേന്ദ്രത്തിന് കത്തയച്ചു.
Post Your Comments