ന്യൂഡല്‍ഹി: ബുറേവി ചുഴലിക്കാറ്റ് ഭീഷണിയാകുമ്പോള്‍ കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് ഉറപ്പ് നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സാഹചര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് കേരളത്തിന് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ട്. ദുരിത ബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു’. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ബുറേവി ചുഴലിക്കാറ്റ് മൂലം കേരളത്തിലെ സ്ഥിഗതികളെക്കുറിച്ചു മുഖ്യമന്ത്രി @vijayanpinarayi യുമായി സംസാരിച്ചു. കേരളത്തെ സഹായിക്കാൻ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പു നൽകി. ദുരന്തമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു.
— Narendra Modi (@narendramodi) December 2, 2020
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന് പ്രകാരം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബര്‍ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാദ്ധ്യതയാണ് കാണുന്നത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഡിസംബര്‍ 3ാം തീയതി മുതല്‍ 5ാം തീയതി വരെ ഇത് തുടരുമെന്നാണ് കരുതുന്നത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലും മണിക്കൂറില്‍ 60 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. എറണാകുളം, ഇടുക്കിയിലെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കി.മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും അതിതീവ്ര മഴയ്ക്കും സാദ്ധ്യതയുണ്ട്. അതിതീവ്ര മഴ ലഭിക്കുന്ന സാഹചര്യം താഴ്ന്ന പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും വെള്ളപ്പൊക്കം സൃഷ്ടിച്ചേക്കാം. മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
Post Your Comments