മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഡോളര്‍കടത്തുകേസില്‍ പ്രതിചേര്‍ത്തു. ശിവശങ്കറിനെതിരെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ഡോളര്‍ കടത്തുകേസില്‍ നാലാംപ്രതിയായാണ് ശിവശങ്കരിന്റെ പേര് ചേര്‍ത്തിരിക്കുന്നത്. കള്ളക്കടത്തില്‍ ശിവശങ്കര്‍ നേരിട്ട് പങ്കാളിയായതായി തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളാണ് നിര്‍ണ്ണായകമായത്. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഈ മാസം ഏഴാം തീയതിവരെ കസ്റ്റഡിയില്‍ വിട്ടിരുന്നു.
ശിവശങ്കര്‍ ഉള്‍പ്പടെ മറ്റ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ ഏഴുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡോളര്‍ക്കടത്ത് കേസില്‍ ശിവശങ്കറിന്റെ അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷമായിരുന്നു കസ്റ്റംസിന്റെ വാദം.എന്നാല്‍ സ്വപ്‌നയുടെ മൊഴി നിഷേധിച്ച ശിവശങ്കര്‍ ഡോളര്‍ കടത്തില്‍ തനിക്ക് പങ്കില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ശിവശങ്കറിനോടൊപ്പം നാലു തവണ യാത്ര ചെയ്തപ്പോഴും ഡോളര്‍ കടത്തിയിട്ടുണ്ടെന്ന് സ്വപ്‌ന ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
ഇന്ത്യന്‍ കറന്‍സി ഡോളറാക്കി മാറ്റാന്‍ ശിവശങ്കറിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന മൊഴി.കുറ്റകൃത്യത്തിനു പിന്നില്‍ വമ്പന്‍ സ്രാവുകളുടെ പേരുകളുണ്ടെന്നു കോടതി സൂചിപ്പിച്ചു. ഉന്നതപദവിയിലിരിക്കുന്നവര്‍ ഡോളര്‍ കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവെന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം സ്വപ്നയേയും സരിത്തിനേയും ശിവശങ്കറിനൊപ്പം ഇരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
തുടര്‍ന്ന് സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സ്വര്‍ണക്കടത്തുകേസിലെ കസ്റ്റംസ് അനേ്വഷണം നിരീക്ഷിക്കാനും കോടതി തീരുമാനിച്ചു. കള്ളക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്തതിന് അന്വേഷണസംഘം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച മൊഴികളുണ്ടെന്നും ചൂണ്ടിക്കാട്ടിയ കോടതി ശിവശങ്കറെ പ്രതി ചേര്‍ത്തത് ന്യായമാണെന്നും വ്യക്തമാക്കി.
ശിവശങ്കറെ രക്ഷിക്കാന്‍ വേണ്ടി ആദ്യഘട്ടത്തില്‍ സ്വപ്‌ന കളവ് പറഞ്ഞുവെന്നു വ്യക്തമായിട്ടുണ്ടെന്നും വിധിയില്‍ പറയുന്നു.കോടതിയില്‍ മുദ്രവെച്ച കവറില്‍ കസ്റ്റംസ് നല്‍കിയ സ്വപ്‌നയുടെ മൊഴി ചോര്‍ത്തിയ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ നല്‍കാന്‍ ചീഫ് കസ്റ്റംസ് കമീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
Post Your Comments