ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കാത്തതില്‍ പ്രതിഷേധവുമായി കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം നടത്തുന്ന കര്‍ഷക സംഘടനകളില്‍ ഒരുവിഭാഗം രംഗത്ത് എത്തിയിരിക്കുന്നു. സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് ഡല്‍ഹി ബുറാഡി മൈതാനത്തേക്ക് മാറിയ ഒരുവിഭാഗം കര്‍ഷകരാണ് പ്രതിഷേധവുമായി രംഗത്ത് ഇപ്പോൾ വന്നിരിക്കുന്നത്.
‘ ബുറാഡി സ്റ്റേഡിയത്തിലേക്ക് മാറിയാല്‍ ചര്‍ച്ച നടത്താമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യുപിയിലെയും ഉത്തരാഖണ്ഡിലെയും കര്‍ഷകര്‍ ഇങ്ങോട്ടേക്ക് മാറിയത്. പക്ഷേ, കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയിലേക്ക് ഞങ്ങളെ ക്ഷണിച്ചില്ല.’- ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സര്‍ദാര്‍ വി എം സിങ് മാധ്യമങ്ങളോട് പറയുകയുണ്ടായി.
നിയമം കയ്യിലെടുക്കുന്നവരോട് മാത്രമേ സര്‍ക്കാര്‍ ചര്‍ച്ച നടത്തുള്ളു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡില്‍ നിന്നും യുപിയില്‍ നിന്നുമുള്ള കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചു. ബുറാഡിയില്‍ തുടരുന്നതുകൊണ്ട് ഇനി അര്‍ത്ഥമില്ല’- സര്‍ദാര്‍ പറഞ്ഞു.
ഡല്‍ഹി അതിര്‍ത്തിയിലെത്തിയ ഒരു വിഭാഗം കര്‍ഷകര്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ബുറാഡി സ്റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നതാണ്. എന്നാല്‍ അതേസമയം ബുറാഡി തുറന്ന ജയിലാണെന്ന് ആരോപിച്ച് മറ്റു വിഭാഗങ്ങള്‍ അതിര്‍ത്തികളില്‍ തന്നെ തമ്പടിക്കുകയായിരുന്നു. ഇവരെയാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം ചര്‍ച്ചയ്ക്ക് വിളിച്ചത്. കര്‍ഷകരുമായി ആദ്യഘട്ടം നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Post Your Comments