ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടതോടെ വമ്പൻ സ്രാവുകൾക്ക് വരെ രക്ഷയില്ലെന്ന് സർക്കാരിനു മനസിലായി കഴിഞ്ഞു. സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ബിനീഷിനെതിരെ നിരവധി ആരോപണങ്ങളാണുള്ളത്. എന്നാൽ, ബിനീഷിനെ സംരക്ഷിച്ച് പിടിക്കുന്ന നിലപാട് ആയിരുന്നു ആദ്യം സി.പി.എം സ്വീകരിച്ചിരുന്നത്. പളി പാളുമെന്ന് മനസിലായതോടെ മൗനം വിദ്വാന് ഭൂഷണം എന്ന നിലപാടിലേക്ക് മുങ്ങിത്താണിരിക്കുകയാണ് ഏവരും.
രാജാവ് നഗ്നനാണ് എന്ന് പറയാനുള്ള ധൈര്യം ആർക്കും ഇല്ലെന്ന് ചുരുക്കം. സി.പി.എം സംസ്ഥാന സെക്രട്ടറിയും കൺവീനറുമായ എ വിജയരാഘവൻ അടക്കമുള്ളവരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നതും അതുതന്നെ. ക്രമാതീതമായി സ്വത്ത് സമ്പാദിച്ച ഒരു നേതാവും സിപിഎമ്മിൽ ഇല്ലെന്ന് ആണയിട്ട് പറയുകയാണ് അദ്ദേഹം. അത്തരത്തിൽ ക്രമാതീതമായി സ്വത്ത് സമ്പാദിച്ച ആരെങ്കിലുമുണ്ടെങ്കിൽ അവർ പാർട്ടിയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം.
‘ഇഡി എന്നല്ല ഇംഗ്ളീഷ് അക്ഷരമാലയിൽ വേറെയും ചില അക്ഷരങ്ങളുണ്ടല്ലോ? അതൊക്കെ വച്ചുകൊണ്ട് ആര് അന്വേഷിച്ചാലും കാര്യമില്ല. എന്റെ വരുമാനം എന്തെന്ന് എല്ലാവർഷവും എന്റെ പാർട്ടി പരിശോധിക്കുന്നുണ്ട്. എന്റെ വരുമാനം എന്ന് പറഞ്ഞ് ഞാൻ സിപിഎമ്മിന് കൊടുക്കുന്നത് എന്റെ വരുമാനവും എന്റെ ഭാര്യയുടെ വരുമാനവും ചേർത്തുതന്നെയാണ്. ഓരോ വർഷവും അധികമായി ചിലവാക്കിയ പണം, അത് ലഭ്യമായ വഴി ഇതെല്ലാം സംബന്ധിച്ച് കൃത്യമായി പരിശോധിക്കുന്ന സംവിധാനം സിപിഎമ്മിനുണ്ട്.‘ – വിജയരാഘവൻ പറഞ്ഞു.
ബിനീഷിനെതിരെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിലനിൽക്കേയാണ് ഇത്തരത്തിലുള്ള ന്യായീകരണങ്ങൾ നേതാക്കൾ പടച്ചുവിടുന്നത്. ഒടുവിൽ ന്യായീകരിച്ച് എല്ലാവരും ബിനീഷ് കോടിയേരിക്ക് നല്ലപിള്ള പട്ടം ചാർത്തിനൽകുമോയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് പാവം സഖാക്കൾ ഇപ്പോൾ.
Post Your Comments