Latest NewsIndia

സുകുമാരക്കുറുപ്പിനെ വെല്ലുന്ന ആള്‍മാറാട്ടക്കൊലപാതകം: ‘മരിച്ച’ മോഹന രജിസ്ട്രാര്‍ ഓഫീസിലെത്തിയത് തെളിവായി

കോയമ്പത്തൂര്‍: സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റില്‍ നിന്നും രക്ഷ നേടാന്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം നടത്തിയ അഭിഭാഷക ദമ്പതിമാര്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. കോയമ്പത്തൂര്‍ അവിനാശി റോഡിലെ അപ്പാര്‍ട്ട്‌മെന്റ് താമസക്കാരും അഭിഭാഷക ദമ്പതിമാരുമായ ഇ ടി രാജവേല്‍ (52), ഭാര്യ മോഹന (45), ഡ്രൈവര്‍ പി പളനിസ്വാമി (48) എന്നിവര്‍ക്കാണ് കോയമ്പത്തൂര്‍ അഡീഷണല്‍ ജില്ലാകോടതി ശിക്ഷവിധിച്ചത്.

കോയമ്പത്തൂര്‍ ശിവാനന്ദകോളനി അമ്മാസൈ (45) യെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. അമ്മാസൈയെ കൊലപ്പെടുത്തിയ പ്രതികള്‍ മരിച്ചത് മോഹനയാണെന്ന് വരുത്തിതീര്‍ത്തു. 2011 ഡിസംബര്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം. മോഹനയുടെ പേരിലുണ്ടായിരുന്ന എട്ടരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയും ചെയ്തു.

പൊലീസ് പിടിയില്‍നിന്ന് രക്ഷനേടാനാണ് പ്രതികള്‍ ആള്‍മാറാട്ട കൊലപാതകം നടത്തിയത്. കേരളത്തിലേക്ക് കടന്ന ഇരുവരെയും കേരളപൊലീസിന്റെ സഹായത്തോടെ കോയമ്പത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സുകുമാരക്കുറുപ്പ് കേസിനെ വെല്ലുന്ന കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞത്. ഒഡിഷയില്‍ ധനകാര്യ സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട് 12 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് രാജവേലും മോഹനയും കോയമ്പത്തൂരിലെത്തുന്നത്.

പിന്നീട് കോയമ്പത്തൂര്‍ കോടതിക്ക് സമീപം രാജവേല്‍ ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉപദേശം തേടാനാണ് കൊല്ലപ്പെട്ട അമ്മാസൈ ഇവര്‍ക്കരുകിലെത്തിയത്. ഡിസംബര്‍ 11ന് കണ്ടശേഷം തൊട്ടടുത്ത ദിവസം തന്നെ വീണ്ടും വന്നുകാണാന്‍ രാജവേല്‍ അമ്മാസൈയോട് ആവശ്യപ്പെട്ടു. പിന്നീട് അമ്മാസൈയെ ആരും കണ്ടിട്ടില്ല. ഡിസംബര്‍ 12ന് മോഹന അസുഖം മൂര്‍ച്ഛിച്ച്‌ മരിച്ചെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച്‌ മോഹനയുടെ പേരില്‍ മരണസര്‍ട്ടിഫിക്കറ്റ് വാങ്ങി.

read also: പ്രസ്‌താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത വേണം; തോമസ് ഐസക്കിനു താക്കീതുമായി സി പി എം കേന്ദ്ര നേതൃത്വം

രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം 2013 ഡിസംബറില്‍ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് മോഹനയുമായി രാജവേല്‍ രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംശയം തോന്നിയ രജിസ്ട്രാര്‍ മോഹന മരിച്ച കാര്യവും മറ്റും പൊലീസിനെ അറിയിച്ചു.ഡ്രൈവര്‍ പളനിസ്വാമിയെ ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഇതിനിടെ രാജവേലും മോഹനയും കോവളത്തേക്ക് കടക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button