ഹൈദരാബാദ്: മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. തെലങ്കാനയിലെ മുസ്ലിം ലീഗ് നേതൃത്വം ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കി. ബിഹാറില്‍ മുസ്ലിം ലീഗും ഒവൈസിയുടെ പാര്‍ട്ടിയും വിരുദ്ധ ചേരിയിലായിരുന്നു. ഹൈദരാബാദില്‍ ബിജെപിയുടെ മുന്നേറ്റ സാധ്യത കണ്ടാണ് മുസ്ലിം ലീഗ് ഒവൈസിയുടെ പാര്‍ട്ടിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.
അതെ സമയം ഹൈദരാബാദില്‍ അഫ്ഗാനിലെയും പാകിസ്താനിലെയും അനധികൃത കുടിയേറ്റക്കാര്‍ താമസിക്കുന്നു എന്നും റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ തമ്പടിച്ചിരിക്കുന്നു എന്നുമാണ് ബിജെപിയുടെ ആരോപണം. അനധികൃത താസമക്കാരുണ്ടെങ്കില്‍ അത് കേന്ദ്ര ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന അമിത് ഷായുടെയും ബിജെപിയുടെയും പരാജയമാണ് എന്നാണ് ഒവൈസി ഇതിനോട് പ്രതികരിച്ചത്.
താന്‍ ഒഴിപ്പിച്ച് കാണിക്കാമെന്ന് ഒവൈസിക്ക് മറുപടിയുമായി അമിത് ഷാ രംഗത്തുവരികയും ചെയ്തു . ബിജെപിയുടെ പ്രമുഖ നേതാക്കളാണ് ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹൈദരാബാദില്‍ എത്തിയത്. അമിത് ഷാ, ജെപി നദ്ദ, യോഗി ആദിത്യനാഥ്, തേജസ്വി സൂര്യ തുടങ്ങിയവരെല്ലാം ബിജെപിക്ക് വേണ്ടി പ്രചാരണത്തിനെത്തി. അടുത്തിടെ തെലങ്കാനയില്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി അപ്രതീക്ഷിത വിജയം നേടിയിരുന്നു.
ഇതിന് പിന്നാലെയാണ് ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് വരുന്നത്. ഇവിടെയും ബിജെപിയുടെ മുന്നേറ്റം പ്രവചിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒവൈസിയുടെ പാര്‍ട്ടിക്ക് മുസ്ലിം ലീഗ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.ഡിസംബര്‍ ഒന്നിനാണ് ഹൈദരാബാദില്‍ തിരഞ്ഞെടുപ്പ്. നാലാം തിയ്യതി ഫലം പ്രഖ്യാപിക്കും.
150 സീറ്റുകളിലേക്കാണ് മല്‍സരം. ഭരണകക്ഷിയായ ടിആര്‍എസിന് 99 സീറ്റും എംഐഎമ്മിന് 44 സീറ്റുമാണുള്ളത്. ബിജെപിക്ക് നാല്, കോണ്‍ഗ്രസിന് രണ്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
Post Your Comments