കട്ടച്ചിറ: ഭരണിക്കാവില്‍ ഒരേവളപ്പിലുള്ള 2 വീടുകള്‍ ആക്രമിച്ച് വയോധികയടക്കം 4 വീട്ടമ്മമാരെയും 2 ഗൃഹനാഥന്മാരെയും മര്‍ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കടക്കാന്‍ ശ്രമിച്ച 10 അംഗ സംഘത്തിലെ 4 പേര് അറസ്റ്റിൽ ആയിരിക്കുന്നു. ഭരണിക്കാവ് സ്വദേശികളായ പ്രസന്നഭവനം അര്ജുന് (25), മുളന്തുരുത്തിയില്‍ അജു (25), മനീഷ് (24), വിജയഭവനം ആശിഷ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഒട്ടേറെ കഞ്ചാവ് കേസുകളിലെ പ്രതികളാണെന്നും വാട്സാപ് സന്ദേശം വഴിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.
മൂന്നാംകുറ്റി ജംക്ഷനു സമീപം കുട്ടേമ്പടത്ത് കുടുംബത്തിലെ 2 വീടുകള്‍ ആക്രമിച്ച് ജനാലകളും ബൈക്കും സൈക്കിളും തകര്‍ത്തെന്നാണു പരാതിയിൽ പറയുന്നു . കുട്ടേമ്പടത്ത് വീട്ടിലെ യുവാവും സമീപവാസിയായ യുവാവും തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. സുമതിയമ്മ (75), വത്സല (48), സിന്ധു (40), അജയന് (45), സമീപ വീട്ടുകാരായ രമ (43), പ്രദീപ് (45) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്.
ഇവരെ കായംകുളം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ബഹളം കേട്ടെത്തിയ സമീപ വീട്ടുകാരെ മര്‍ദിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി സിഐ ഡി.മിഥുന് പറഞ്ഞു .
Post Your Comments