ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്ക് വിജിലൻസിനെ ഭീഷണിപ്പെടുത്തി കെ.എസ്.എഫ്.ഇ ചിട്ടി കേസ് അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ക്രൈബ്രാഞ്ച് അന്വേഷണം നടന്ന ട്രഷറി തട്ടിപ്പും ഐസക്ക് തന്നെയാണ് അട്ടിമറിച്ചതെന്ന് ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
Read Also : ‘ലവ് ജിഹാദി’നെതിരെ പുതിയ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തു
ട്രെഷറി തട്ടിപ്പ് ജനങ്ങളുടെ നികുതി പണം തട്ടിയ കേസായിരുന്നു. കെ.എസ്.എഫ്.ഇയിൽ മാത്രമല്ല പ്രവാസി ചിട്ടിയിലും വലിയ തട്ടിപ്പ് നടന്നു. തന്റെ എല്ലാ പദ്ധതികളിലും തട്ടിപ്പ് നടത്തുകയാണ് തോമസ് ഐസക്ക്.കിഫ്ബിയിലും മസാല ബോണ്ടിലും നടന്ന അഴിമതികൾ പുറത്തുവരുമോ എന്ന ഭയമാണ് ഐസക്കിൻ്റെ വെപ്രാളത്തിന് കാരണം. അഴിമതികളുടെ കാര്യത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും പരസ്പരം മത്സരിക്കുകയാണ്. രണ്ട് പേരും അഴിമതിക്കാരും കേസുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുമാണ്. ഒരാൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കുമ്പോൾ മറ്റേയാൾ വിജിലൻസിന്റെ അന്വേഷണമാണ് അട്ടിമറിക്കുന്നത്. അഴിമതിക്കാരനായ ഐസക്കിന്റെ സർട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര ഏജൻസികൾക്ക് വിവരം ചോർത്തി കൊടുക്കുന്നത് ഐസക്ക് ആണെന്നാണ് മുഖ്യമന്ത്രിയുടെ വിചാരം. മുഖ്യമന്ത്രി വിജിലൻസിനെ ഉപയോഗിച്ച്
തന്നെ പിടികൂടുകയാണെന്ന് ഐസക്കും ധരിക്കുന്നു. സ്പ്രിംഗ്ളർ വിവാദം ചോർത്തിയത് ധനമന്ത്രിയാണെന്നാണ് സി.പി.എമ്മിലെ പലരും വിശ്വസിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ കടയ്ക്കൽ കത്തിവെക്കുന്നയാളാണ് ഐസക്ക് എന്ന കാര്യത്തിൽ തർക്കമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments