പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നൽകി ബാബർ കഴിഞ്ഞ 10 വർഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്കൂളിൽ ബാബർ അസമിന്റെ സഹപാഠിയായിരുന്നുവെന്ന് അവകാശപ്പെട്ട യുവതി ആരോപിച്ചു. പ്രത്യേകം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലൂടെയാണ് യുവതി അസമിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയത്.
10 വർഷം മുൻപ് അസം തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകിയിരുന്നതായാണ് യുവതിയുടെ വെളിപ്പെടുത്തൽ. ക്രിക്കറ്റ് ലോകത്ത് പ്രശസ്തനാകുന്നതിനു മുൻപായിരുന്നു ഇതെല്ലാമെന്ന് യുവതി പറയുന്നു. ശേഷം 10 വർഷക്കാലത്തോളം അസം തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
‘തുടക്കകാലത്ത് സാമ്പത്തിക പ്രയാസം നേരിട്ടിരുന്ന ബാബർ അസമിനെ സഹായിച്ചിരുന്നത് താനാണ്. എന്നാൽ, ലോകമറിയുന്ന താരമായി വളർന്നതോടെ അയാൾ ചതിച്ചു. അയാൾ എന്നെ ഗർഭിണിയാക്കി. ശാരീരികമായി ഉപദ്രവിച്ചു. ഭീഷണിപ്പെടുത്തുകയും അയാളുടെ ഇംഗിതങ്ങൾക്ക് വിധേയയാക്കുകയും ചെയ്തു’ – യുവതിയുടെ വെളിപ്പെടുത്തലുകൾ സാജ് സാദിഖ് ട്വീറ്റ് ചെയ്തു.
Post Your Comments