തിരുവനന്തപുരം : ജീവകാരുണ്യ പ്രവര്‍ത്തകന്റെ പേരില്‍ വ്യാജഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്തു. സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജിന്റെ പേരില്‍ തട്ടിപ്പ് നടത്തിയാണ് അരലക്ഷം രൂപയോളം തട്ടിയെടുത്തത്. നേരത്തെ ക്രൈംബ്രാഞ്ച് ഡിവൈ എസ്പി, സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ തുടങ്ങി പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലും വ്യാജ എഫ്ബി അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എബി ജോര്‍ജിന്റെ ചിത്രം വെച്ചുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്. എബി ജോര്‍ജിന്റെ അയല്‍ക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമാണ് തട്ടിപ്പിന് ഇരയായത്. പണം അയച്ചിട്ടുണ്ട് എന്നു കാണിച്ചു സുഹൃത്തുക്കള്‍ വാട്‌സാപ്പ് മെസേജ് അച്ചപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് എബി മനസിലാക്കിയത്. ഉടന്‍ തന്നെ കമ്മിഷണര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കുകയായിരുന്നു. അതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടു.
രണ്ടാഴ്ച്ച മുന്‍പാണ് എബി ജോര്‍ജിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നു പലര്‍ക്കും ഫ്രെണ്ട് റിക്വസ്റ്റുകള്‍ എത്തിയത്. ഇതിന് പിന്നാലെയാണ് പണം ആവശ്യപ്പെട്ട് മെസേജുകള്‍ വന്നത്. മറ്റൊരാള്‍ക്ക് പണം നല്‍കാനുണ്ട്. തന്റെ ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനാല്‍ ഗൂഗിള്‍ പേ വഴി 8000 രൂപ അയച്ചു കൊടുക്കണമെന്ന നിലയിലായിരുന്നു എബിയുടെ ഒരു സുഹൃത്തിന് വന്ന സന്ദേശം. മെസേജ് കിട്ടിയ സുഹൃത്തുക്കള്‍ ഉടന്‍ തന്നെ പണം അയച്ചു. അടുത്ത ഫ്‌ലാറ്റില്‍ താമസിക്കുന്നയാളും ബന്ധുക്കളും ഇതുപോലെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments