Latest NewsNewsInternational

പുറത്തിറങ്ങിയാല്‍ കണ്‍പീലിയില്‍ വരെ മഞ്ഞുറയും, ജീവിതം പവര്‍ ജനറേറ്റിന്റെ സഹായത്തോടെ ; ലോകത്തിന്റെ ‘ഫ്രീസര്‍ ഗ്രാമ’ത്തിലെ അവസ്ഥകള്‍ ഇങ്ങനെ

പുറത്തിറങ്ങിയാല്‍ കണ്‍പീലിയില്‍ വരെ മഞ്ഞുറയുന്ന അവസ്ഥ. ജീവിതം വീടിനുള്ളിലുള്ള പവര്‍ ജനറേറ്ററിന്റെ സഹായത്തോടെയും. ലോകത്തിന്റെ ‘ഫ്രീസര്‍ ഗ്രാമം’ എന്നറിയപ്പെടുന്ന സൈബീരിയയിലെ ഒയ്മ്യാകോണ്‍ ഗ്രാമത്തിലുള്ളവരാണ് ഈ കഠിനതകള്‍ നേരിടുന്നത്. ഒയ്മ്യാകോണ്‍ ഗ്രാമത്തില്‍ കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ താപനില മൈനസ് 63 ഡിഗ്രിയും മൈനസ് 50 ഡിഗ്രിയുമായിരുന്നു.

1993-ല്‍ ആണ് ഇവിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തപ്പെട്ടത്. 67.7 ഡിഗ്രിയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. അതിനു മുന്‍പ് 1924-ല്‍ മൈനസ് 71 ഡിഗ്രി താപനിലയും രേഖപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഭൂമിയുടെ വടക്കന്‍ ഗോളാര്‍ധത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായാണ് ഇതു കണക്കാക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശങ്ങളില്‍ ഒന്നാണ് ഇവിടം. കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ താപനില മൈനസ് 63 ഡിഗ്രിയായിരുന്നു. പുറത്തിറങ്ങിയ ആളുകളുടെ കണ്‍പീലികളില്‍ വരെ മഞ്ഞുറഞ്ഞതിന്റെ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ഇവിടം വൈറലാകുകയായിരുന്നു.

സ്ഥിരമായി ഇവിടെ ആകെ 500 പേര്‍ മാത്രമാണ് താമസിക്കുന്നത്. ശൈത്യകാലമായാല്‍ ദിവസത്തിന്റെ 21 മണിക്കൂറും ഒയ്മ്യാകോണില്‍ ഇരുട്ടായിരിക്കും. താപനില മൈനസ് 40ലെത്തുമ്പോള്‍ തന്നെ ഇവിടുത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കും. സ്‌കൂള്‍, ഒരു പോസ്റ്റ് ഓഫീസ്, ബാങ്ക്, എയര്‍പോര്‍ട്ട് എന്നിവയാണ് ഈ ഗ്രാമത്തിലുള്ളത്. അതിശൈത്യം എത്തുന്നതോടെ ഗ്രാമവാസികള്‍ വീടിനുള്ളിലുള്ള പവര്‍ ജനറേറ്ററിന്റെ സഹായത്തോടെയാണ് ദിവസങ്ങള്‍ കഴിച്ചു കൂട്ടുന്നത്. തണുപ്പ് കൂടുമ്പോള്‍ ശരീരഭാഗങ്ങള്‍ വലിഞ്ഞു മുറിയുക, പേനയിലെ മഷി കട്ടയാകുക, ബാറ്ററി ചാര്‍ജ് തീരുക തുടങ്ങിയവയും സംഭവിക്കാറുണ്ട്.

തണുപ്പുകാലത്ത് വാഹനങ്ങളുടെ എന്‍ജിന്‍ കേടാകുന്നത് സ്ഥിരം സംഭവമാണ്. പലരും വാഹനത്തിനുള്ളില്‍ തന്നെ താമസമാക്കാറുമുണ്ട്. ആരെങ്കിലും മരിച്ചാല്‍ ശവസംസ്‌കാരം നടത്താനാണ് ഏറെ ബുദ്ധിമുട്ടുന്നത്. കാരണം സ്ഥലം കണ്ടെത്തി ആദ്യം ആ ഭാഗത്തെ മഞ്ഞുരുക്കിക്കളയണം. മൃതദേഹം സംസ്‌ക്കരിക്കാന്‍ പാകത്തില്‍ ഒരു കുഴി കുഴിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടി വരും. മഞ്ഞുവീഴുന്നതിനനുസരിച്ച് കല്‍ക്കരി ഉപയോഗിച്ച് അത് ഉരുക്കിക്കൊണ്ടിരിക്കണം. അതിനുശേഷം മാത്രമേ മൃതദേഹം സംസ്‌ക്കരിക്കാന്‍ സാധിക്കൂ. ഇങ്ങനെ സംസ്‌ക്കരിക്കുന്ന മൃതദേഹം അഴുകാനും കാലതാമസമെടുക്കും. അന്റാര്‍ട്ടിക്കയില്‍ ഇതിലുമേറെ താപനില താഴാറുണ്ടെങ്കിലും അവിടെ ജനവാസമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button