ലഖ്നൗ: അയോധ്യയില്‍ വരാനിരിക്കുന്നത് വന്‍ വികസന പദ്ധതികള്‍. വികസന പദ്ധതികള്‍ക്ക് സഹായഹസ്തവുമായി ഫ്രാന്‍സ് രംഗത്തു വന്നതോടെ അയോധ്യ ഇനി മാറി മറിയും. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഫ്രഞ്ച് അംബാസിഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. നഗര വികസനം, പ്രതിരോധ വ്യവസായം, എയ്റോ സ്പേസ് തുടങ്ങിയ രംഗങ്ങളില്‍ യുപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് അംബാസിഡര്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ ഇരുവരും സംതൃപ്തി അറിയിച്ചു.
രാമക്ഷേത്രം ഉയരുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ യുപിയില്‍ വികസന പദ്ധതികളുമായി എത്തിയിട്ടുണ്ട്. യുപി ഒരു വലിയ ബിസനസ് ഹബ്ബായി മാറികൊണ്ടിരിക്കുകയാണ്. അതേസമയം, രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഭക്തജന പ്രവാഹമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. അയോധ്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് പുറമെ 1681 കോടിരൂപയുടെ പദ്ധതികളാണ് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റിലും കഴിഞ്ഞ ദിവസവുമായാണ് ഈ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന സര്‍ക്ക്യൂട്ടായി അയോധ്യ മാറും.
500 കോടിയുടെ നഗര വികസനപരിപാടികള്‍ നടപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ വിമാനത്താവളവും അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷനും അയോധ്യയില്‍ നിര്‍മിക്കും. ഇതിനൊപ്പം നഗരത്തിലൂടെ കടന്ന് പോകുന്ന ഹൈവേകളുടെ നിലവാരവും ഉയര്‍ത്തും. സമീപത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും സാധ്യമാകും. അയോധ്യയില്‍ നിലവില്‍ എയര്‍സ്ട്രിപ്പുണ്ട്. ഇത് വി.ഐ.പികളാണ് ഉപയോഗിക്കുന്നത്. ഈ എയര്‍ സ്ട്രിപ്പാകും വിമാനത്താവളമായി വികസിപ്പിക്കുക.
ദേശീയപാതകള്‍ വികസിപ്പിക്കുന്നതിന് 250 കോടിയും കുടിവെള്ള പദ്ധതിക്കായി 50 കോടിയും ബസ് സ്റ്റേഷന് ഏഴ് കോടിയും മെഡിക്കല്‍കോളജിന് 134 കോടിയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു.
Post Your Comments