ബീജിംഗ് : അമേരിക്കയില്‍ ട്രംപ് യുഗം അവസാനിച്ചതോടെ കൂടുതല്‍ കരുത്ത് കാട്ടി ചൈന , ചൈനയുടെ ആദ്യപ്രതികാര നടപടി ഓസ്ട്രേലിയയ്ക്കു നേരെ. ഓസ്ട്രേലിയയില്‍ നിന്നും 700 മില്യണ്‍ ഡോളര്‍ മൂല്യമുള്ള കല്‍ക്കരിയുമായി എത്തിയ 53 കപ്പലുകളെയാണ് ചൈന തടഞ്ഞിട്ടിരിക്കുന്നത്. 5.7 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് ഈ കപ്പലുകളിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഓസ്ട്രേലിയ ചൈന വ്യാപാര ബന്ധത്തില്‍ വലിയ വിള്ളലാണ് വീണിരിക്കുന്നത്. വടക്കന്‍ ചൈനയുടെ നിരവധി തുറമുഖങ്ങളിലാണ് കപ്പലുകള്‍ അടുക്കുവാനുള്ള അനുമതി കാത്ത് ദിവസങ്ങളായി നങ്കൂരമിട്ടിരിക്കുന്നത്. നൂറ് കണക്കിന് നാവികരും ഇതോടെ കുടുങ്ങിയിരിക്കുകയാണ്.
ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം കല്‍ക്കരി വ്യാപാരത്തിലൂടെയാണ് രാജ്യത്തെ വരുമാനത്തിന്റെ നല്ലൊരു പങ്കും സ്വന്തമാക്കുന്നത്. ഓരോ വര്‍ഷവും 53 ബില്യണ്‍ ഡോളറിലധികമാണ് കല്‍ക്കരി കയറ്റുമതിയിലൂടെ സ്വന്തമാക്കുന്നത്. ഇരുമ്ബയിര് കഴിഞ്ഞാല്‍ കല്‍ക്കരി ഉത്പാദനത്തിനാണ് ഓസ്ട്രേലിയ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ചൈന ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം വലിയൊരു വിപണിയാണ്. കഴിഞ്ഞ വര്‍ഷം 10 ബില്യണ്‍ ഡോളറിന്റെ കുക്കിംഗ് കോളും 7 ബില്യണ്‍ ഡോളര്‍ താപ കല്‍ക്കരിയും ചൈന ഓസ്ട്രേലിയയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നു.
അതേസമയം, ഓസ്ട്രേലിയയ്ക്ക് നേരെ വാളോങ്ങാന്‍ ചൈനയെ പ്രേരിപ്പിച്ചത് കൊവിഡ് കാലത്തെ ആരോപണമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ നിന്നും ലോകമെമ്പാടും കൊവിഡ് വ്യാപിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഓസ്ട്രേലിയ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇപ്പോള്‍ ചൈന ആയുധമായി എടുത്തിരിക്കുന്നത്
Post Your Comments