ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ യു.എസ് നഗർ ജില്ലയിൽ ഗുലാർഭോജ് ഡാമിന് നടുവിൽ വച്ച് ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് വീണ ഏഴു വയസുകാരനായ മകനെ രക്ഷിക്കാൻ ശ്രമിച്ച 30കാരിയായ അമ്മ വെള്ളത്തിൽ മുങ്ങി മരിച്ചു. ഭർത്താവിനും മകനുമൊപ്പം ഫാം സന്ദർശിച്ച ശേഷം ഗുലാർഭോജി ഗ്രാമത്തിലേക്ക് ബോട്ടിൽ തിരികെ വരുകയായിരുന്നു.
എന്നാൽ പഴക്കം ചെന്ന ബോട്ടിൽ ഒരു ഡസനിലേറെ ആളുകളും അവരുടെ ബൈക്കുകളും വിറകും മറ്റുമായി താങ്ങാവുന്നതിലധികം ഭാരമുണ്ടായിരുന്നു. ഡാമിന്റെ മദ്ധ്യത്ത് വച്ച് ബോട്ടിന്റെ ഒരു വശം പെട്ടെന്ന് അടർന്നു വീഴുകയും ഇതിനിടെ 7 വയസുകാരനായ ഹിമാൻഷു ഡാമിലേക്ക് വീഴുകയുമായിരുന്നു ഉണ്ടായത്. മകൻ ഡാമിലേക്ക് വീഴുന്നത് കണ്ടയുടൻ അമ്മ അഞ്ജലി ഡോഗ്ര രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടുകയും ചെയ്തു.
എന്നാൽ അതേസമയം സ്ത്രീ മുങ്ങിപ്പോവുകയായിരുന്നു. ഭർത്താവ് രാജു ഡോഗ്ര രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. എന്നാൽ കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞു. യു.എസ് നഗർ ജില്ലയുടെ ആസ്ഥാനത്ത് നിന്നും 28 കിലോമീറ്റർ അകലെയാണ് ഗുലാർഭോജ് ഡാം സ്ഥിതി ചെയ്യുന്നത്. ഡാമിന്റെ ഇരു കരകളിലേക്കും സഞ്ചരിക്കാൻ ഗ്രാമവാസികൾ ബോട്ടിനെയാണ് ആശ്രയിക്കുന്നത്.
Post Your Comments