1982 മോഡല്‍ ഫെരാരി 308 ജി.ടി.എസ് എന്ന വിന്റേജ് സ്പോര്‍ട്സ് കാറിന് ഇലക്ട്രിക് മോട്ടോര്‍ കരുത്ത് നല്‍കിയപ്പോള്‍ ആളാകെ മാറി. ഇപ്പോള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 240 കിലോ മീറ്റര്‍ ഓടുന്നുണ്ട്. മുമ്പ് ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ചാല്‍ ആകെ ഓടുന്നത് വെറും 13 കിലോ മീറ്റര്‍ മാത്രമായിരുന്നു. പെട്രോള്‍ എന്‍ജിന്‍ ഇളക്കി മാറ്റി ആണ് ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ചത്.
ബ്രിട്ടണിലാണ് 1982 മോഡല്‍ ഫെരാരി 308 ജി.ടി.എസ് പെട്രോള്‍ കാറിനെ ഇലക്ട്രിക് എന്‍ജിന്‍ നല്‍കി പരിഷ്‌കരിച്ചത്. മുമ്പ് ഫെരാരി 308 ജി.ടി.എസില്‍ പ്രവര്‍ത്തിക്കുന്ന 200 ബി.എച്ച്.പി കരുത്ത് ഉത്പാദിപ്പിച്ചിരുന്ന വി8 എന്‍ജിന് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ടെസ്ലയിലെ പി85 ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 45 കിലോവാട്ട് ശേഷിയുള്ള ഈ ബാറ്ററി 500 ബി.എച്ച്.പി പവറാണ് നല്‍കുന്നത്.
പെട്രോള്‍ ടാങ്ക് നീക്കി ഇലക്ട്രിക്ക് ബാറ്ററി നല്‍കിയതോടെ വാഹനത്തിന്റെ ഭാരം കുറയാന്‍ കാരണമായി. ഫെരാരി 308 ജി.ടി.എസ് 1982-ല്‍ നിര്‍മിച്ചതാണെങ്കിലും ഇതിന്റെ നിലവിലെ ഉടമ 1992-ലാണ് ഈ വാഹനം സ്വന്തമാക്കുന്നത്. കാലപ്പഴക്കത്തെ തുടര്‍ന്ന് വാഹനത്തിന് തകരാറുകള്‍ സംഭവിച്ചു തുടങ്ങിയിരുന്നു. ഇതോടെ പരമ്പരാഗത ഇന്ധനത്തില്‍ നിന്ന് ഇലക്ട്രിക്കിലേക്ക് മാറ്റാന്‍ ഉടമ തീരുമാനിക്കുകയായിരുന്നു. ഇലക്ട്രിക്കിലേക്ക് മാറിയതോടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് യോജിച്ച വാഹനമായി ഇത് മാറി കഴിഞ്ഞു.
Post Your Comments