ദോഹ : ഖത്തറിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സ്കൂള്‍ ജീവനക്കാര്‍ അടുത്ത മാസത്തെ ഇടക്കാല അവധിക്ക് സ്വന്തം നാടുകളിലേക്ക് പോവരുതെന്ന് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കി. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് സ്കൂളുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് നടപടി.
കൊവിഡ് വ്യാപനത്തിനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധ-മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കുന്നതെന്ന് മന്ത്രാലയം സര്‍ക്കുലറില്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ കൊറോണ വ്യാപനം മൂന്നാംഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ സ്കൂള്‍ ജീവനക്കാര്‍ അവധി ദിനങ്ങള്‍ ചെലവഴിക്കാന്‍ നാടുകളിലേക്ക് പോകുന്നത് രോഗവ്യാപനത്തിന് കാരണമാവും. അതുകൊണ്ടു തന്നെ നാടുകളിക്ക് പോകുന്നവര്‍ക്ക് ചിലപ്പോള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം സമയത്ത് തിരികെയെത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഖത്തറിലെ സ്കൂളുകളില്‍ ടേം വണ്‍ പരീക്ഷകള്‍ ഡിസംബര്‍ രണ്ടു മുതലാണ് തുടങ്ങുക. ഡിസംബര്‍ 20 മുതല്‍ 31 വരെ ഇടക്കാല അവധിയാണ്. തുടര്‍ന്ന് ജനുവരി ഒന്നു മുതല്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ആഗസ്റ്റ് 9നായിരുന്നു ഖത്തറില്‍ അധ്യയന വര്‍ഷം ആരംഭിച്ചത്. എല്ലാ ജീവനക്കാരും കൊവിഡ് പരിശോധനകള്‍ക്കു ശേഷമാണ് അന്ന് സ്കൂളില്‍ ജോലിയില്‍ പ്രവേശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments