NewsIndia

പായലു കൊണ്ടൊരു ഗംഭീര ഗാര്‍ഡന്‍ ; കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇവിടേക്ക് വരാം

ഈ പൂന്തോട്ടം പൂര്‍ണ്ണമായും നിര്‍മ്മിക്കാന്‍ ഏകദേശം രണ്ട് വര്‍ഷമെടുത്തു

രാജ്യത്തെ ആദ്യത്തെ മോസ് (പായല്‍) ഗാര്‍ഡന്‍ തയ്യാറായി. അടുത്തിടെ ഉദ്ഘാടനം ചെയ്ത ഈ പായല്‍ത്തോട്ടം ഉത്തരാഖണ്ഡിലെ കുമയോണ്‍ ഡിവിഷനിലെ നൈനിറ്റാള്‍ ജില്ലയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. 10 ഹെക്ടറോളം വിസ്തൃതിയുണ്ട് ഈ തോട്ടത്തിന്. റാമണ്‍ മഗ്സേസെ അവാര്‍ഡ് ജേതാവും ജലസംരക്ഷണ പ്രവര്‍ത്തകനുമായ രാജേന്ദ്ര സിംഗ് ആണ് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ഉത്തരാഖണ്ഡ് വനംവകുപ്പിന്റെ ഗവേഷണ ഉപദേശക സമിതിയുടെ CAMPA (സ്റ്റേറ്റ് കോമ്പന്‍സേറ്ററി അഫോര്‍‌സ്റ്റേഷന്‍ ഫണ്ട് മാനേജ്മെന്റ് ആന്റ് പ്ലാനിംഗ് അതോറിറ്റി) പ്രകാരം 2019 ജൂലൈയില്‍ മോസ് ഗാര്‍ഡന്‍ അംഗീകരിച്ചതാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ പൂന്തോട്ടം പൂര്‍ണ്ണമായും നിര്‍മ്മിക്കാന്‍ ഏകദേശം രണ്ട് വര്‍ഷമെടുത്തു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകമാകും. വാട്ടര്‍ മാന്‍ ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന രാജേന്ദ്ര സിംഗ് ഉത്തരാഖണ്ഡ് വനംവകുപ്പിന്റെ ഈ ശ്രമങ്ങളെ അഭിനന്ദിച്ചു.

ഒരു പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച്, വിവിധതരം പായലും മറ്റ് ബ്രയോഫൈറ്റുകളും സംരക്ഷിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് പായല്‍ത്തോട്ടം വികസിപ്പിക്കാനുള്ള ആശയം ഉണ്ടായതെന്നും പരിസ്ഥിതിയിലെ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയാണ് ഇതിന്റെ ഉദ്ദേശമെന്നും സംസ്ഥാന വനം വകുപ്പിന്റെ ഗവേഷണ വിഭാഗത്തിന്റെ തലവനായ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജീവ് ചതുര്‍വേദി പറഞ്ഞു.

മുപ്പതോളം വ്യത്യസ്ത ഇനം പായലും മറ്റ് ബ്രയോഫൈറ്റുകളും ഈ ഉദ്യാനത്തിലുണ്ടെന്ന് പറയപ്പെടുന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (ഐയുസിഎന്‍) ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുന്ന രണ്ട് പായല്‍ ഇനങ്ങളാണ് ബ്രാച്ചിതെസിയം ബുക്കാനാനി, ഹയോഫില ഇന്‍കുട്ട (സിമന്റ് മോസ് എന്നും അറിയപ്പെടുന്നു) എന്നും ചതുര്‍വേദി പറഞ്ഞു. കൂടാതെ, 1.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു മോസ് ട്രെയിലും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്, അതിഥികള്‍ക്ക് വിവിധ പായല്‍ ഇനങ്ങളെക്കുറിച്ചും അവയെക്കുറിച്ചുള്ള ഏതെങ്കിലും ശാസ്ത്രീയ വിവരങ്ങളെക്കുറിച്ചും ഇതിലൂടെ വായിക്കാന്‍ കഴിയും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button