ശ്രീനഗർ: കശ്മീരിലേക്ക് ഭീകരർക്ക് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പഴയതുപോലെ എത്തിക്കാനാകുന്നില്ലെന്ന് വെളിപ്പെടുത്തലുമായി ശബ്ദരേഖ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പുറത്ത് വിട്ടിരിക്കുന്നു. ജയ്‌ഷെ മൊഹമ്മദിന്റെ ഓപ്പറേഷണൽ കമാൻഡറും, സംഘടനയിലെ രണ്ടാമനുമായ മുഫ്തി റൗഫ് അസ്ഹർ ഭീകരർക്ക് അയച്ച സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്.
കശ്മീരിലെ നഗ്രോതയിലെ ബെൻ ടോൾ പ്ലാസയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ജയ്‌ഷെ ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചതിന് പിന്നാലെയാണ് മുഫ്തി ഭീകരർക്ക് ഈ സന്ദേശം അയച്ചിരിക്കുന്നത്. ജയ്‌ഷെ മൊഹമ്മദിന്റെ തലവനായ മസൂദ് അസ്ഹറിന്റെ സഹോദരനാണ് മുഫ്തി. നട്ടെല്ലിലെ തകരാറിനെ തുടർന്ന് മസൂദ് അസ്ഹർ കുറേ കാലമായി ചികിത്സയിലാണ് കഴിയുന്നത്. അദ്ദേഹത്തിന്റെ അഭാവത്തിൽ സംഘടനയെ നിയന്ത്രിക്കുന്നത് മുഫ്തിയാണെന്നാണ് റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നത്. കശ്മീരിലേക്കുള്ള ആയുധക്കടത്തിൽ പാകിസ്താിലെ ഭീകരരുടെ പങ്കുകൂടിയാണ് സന്ദേശത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.
കശ്മീരിൽ അടുത്തിടെയായി ഭീകരരുടെ ആക്രമണ ശ്രമങ്ങൾ വർദ്ധിച്ചുവരികയാണ്. എന്നാൽ സുരക്ഷാ സേനയുടെ ഇടപെടൽ മൂലം ആക്രമണ ശ്രമങ്ങൾ പലപ്പോഴും വിഫലമാവുകയാണ്. അതിർത്തിക്കപ്പുറത്തെ കശ്മീരിലേക്ക് നുഴഞ്ഞുകയറാൻ തയ്യാറായി നിരവധി ഭീകരർ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരം പുറത്ത് വന്നിരിക്കുന്നത്. സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയതോടെ ഡ്രോണുപയോഗിച്ചുൾപ്പെടെ ആയുധക്കടത്തിന് ഭീകരസംഘടനകൾ ശ്രമിക്കുകയുണ്ടായി.
നുഴഞ്ഞു കയറ്റത്തിനായി പാകിസ്താനിലെ ഷക്കർഗാർഹിൽ നിന്നും ഇന്ത്യയിലേക്ക് നിർമ്മിച്ച 200 മീറ്റർ തുരങ്കവും ഇന്ത്യൻ സൈന്യം കണ്ടെത്തിയിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ 11 എകെ 47 തോക്കുകൾ, 3 പിസ്റ്റളുകൾ 29 ഗ്രനേഡുകൾ തുടങ്ങിയവയും സൈന്യം കണ്ടെത്തുകയുണ്ടായി.
ഇന്ത്യയിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന ഭീകര പ്രവർത്തനങ്ങളുടെ ആസൂത്രണം മുഫ്തിയുടേതായിരുന്നുവെന്നും രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്. നവംബറിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം ഭീകരരെ വധിച്ചത് മുഫ്തിക്ക് കനത്ത തിരിച്ചടിയായിരുന്നു.
Post Your Comments