ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ ശക്തമായ മഴ. ചെന്നൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്തമഴയാണ് പെയ്യുന്നത്. കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
മാമല്ലപ്പുരത്തിനും കാരയ്ക്കലിനും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊടുന്നത്. ആന്ധ്രാ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ദേശീയ ദുരന്തനിവാരണ സേനയിലെ 1200 ജീവനക്കാരെ വിന്യസിക്കും. അതേസമയം പുതുച്ചേരിയിലെ കാരക്കലില്‍ നിന്ന് മത്സ്യ ബന്ധനത്തിനു പോയ ഒന്‍പതു ബോട്ടുകള്‍ കാണാതായി. ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടുകളാണ് കാണാതായത്.
ഒരു ബോട്ടില്‍ ആറു മുതല്‍ 12 വരെ ആളുകളുണ്ടെന്നാണ് ഫിഷറീസ് വകുപ്പ് നല്കുന്ന വിവരം. കോസ്റ്റ്ഗാര്‍ഡിനെ വിവരമറിയിച്ചുവെന്നും ഇതിനോടകം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.23 ബോട്ടുകളാണ് കാരക്കലില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയത്. കാണാതായവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ചൊവ്വാഴ്ച വൈകിയും നടന്നിരുന്നുവെന്നും ഫിഷറീസ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം കരതൊടുന്ന സമയം കാറ്റിന്റെ വേഗത മണിക്കൂറില്‍ 145 കിമീ വരെ ആകാമെന്നാണ് കണക്കാക്കുന്നത്.
അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നാണ് ഐഎംഡി വ്യക്തമാക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ആറിനും എട്ടിനും ഇടയിലാവും കരതൊടുക. നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിരവധി ട്രെയ്ന്‍-വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. പുതുച്ചേരിയില്‍ വ്യാഴാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
നേവി, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ എന്നിവരെ ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചു.തീരദേശ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ ജനം കര്‍ശനമായി പാലിക്കണം എന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
24 ട്രെയ്നുകളാണ് നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കിയത്. ചെന്നൈ തുറമുഖം അടച്ചിട്ടിരിക്കുകയാണ്. 2016ല്‍ വരദയും, 2018ല്‍ ഗജയേയും നേരിട്ട തമിഴ്നാടിന് ഇത്തവണ കോവിഡ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Post Your Comments