ചെന്നൈ: തണുത്തുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം ഉയര്‍ത്താന്‍ നടക്കാനിരിക്കുന്ന കന്യാകുമാരി ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ എം.പിയും പി.ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരം. കന്യാകുമാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി എച്ച്. വസന്ത കുമാര്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ധീരമായ നീക്കങ്ങള്‍ നമുക്ക് ആവശ്യമാണ് എന്ന് പറഞ്ഞുകൊണ്ടാണ് കാര്‍ത്തിയുടെ കുറിപ്പ് തുടങ്ങുന്നത്. കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തകരുടെ ആവേശം ഉയര്‍ത്താന്‍ പ്രിയങ്കാ ഗാന്ധി വരാനിരിക്കുന്ന കന്യാകുമാരി ഉപതിരഞ്ഞെടുപ്പില്‍ ഉറപ്പായും മല്‍സരിക്കണം’ കാര്‍ത്തി കുറിച്ചു. ട്വിറ്ററിട്ട കുറിപ്പിലൂടെയാണ് യുവനേതാവ് ആവശ്യം ഉന്നയിച്ചത്. തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കാന്‍ ബിജെപി തന്ത്രങ്ങള്‍ ശക്തമാക്കിയിരിക്കെ അതിനെ മറികടക്കുക കൂടി ലക്ഷ്യമിട്ടാണ് കാര്‍ത്തിയുടെ അപേക്ഷ.
പശ്ചിമബംഗാള്‍, ആസ്സാം, കേരളം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമാണ് തമിഴ്‌നാടിന് പുറമേ 2021 ല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചറി നേരിട്ട സാഹചര്യത്തില്‍ പാര്‍ട്ടിക്കുളളില്‍ നവീകരണം വേണമെന്ന ശബ്ദം ശക്തമാകുമ്പോഴാണ് കാര്‍ത്തിയുടെ ആവശ്യവും ശ്രദ്ധേയമാകുന്നത്. പാര്‍ട്ടിക്കുള്ളില്‍ പഞ്ചനക്ഷത്ര സംസ്‌ക്കാരമാണെന്ന് സീനിയര്‍ നേതാവ് ഗുലാം നബി ആസാദ് തുറന്നടിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.
ഈ സംസ്‌ക്കാരം മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാനാകില്ലെന്നും പറഞ്ഞിരുന്നു. അടുത്തിടെ നടന്ന മദ്ധ്യപ്രദേശ്, ഗുജറാത്ത്, യുപി, കര്‍ണാടക ഉപ തെരഞ്ഞെടുപ്പുകളില്‍ ഒന്നിലും സാന്നിദ്ധ്യമാകന്‍ പോലും പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും ഇതിനര്‍ത്ഥം പാര്‍ട്ടി ഏറെ ദുര്‍ബ്ബലപ്പെട്ടു എന്നാണെന്നും കാര്‍ത്തിയുടെ പിതാവും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ ചിദംബരവും പറഞ്ഞിരുന്നു. നിലവില്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള നേതാവാണ് പ്രിയങ്ക.
തമിഴ്‌നാട്ടില്‍ കളം പിടിക്കാന്‍ ബിജെപി നടത്തുന്ന നീക്കങ്ങള്‍ക്ക് പ്രിയങ്കയുടെ വരവോടെ തടയിടാനാകുമെന്നും പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. തമിഴ്‌നാട്ടിലെ ശിവഗംഗ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കാര്‍ത്തിയാണ്. അടുത്ത വര്‍ഷം നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്.
Post Your Comments