തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. വീണ്ടും നോട്ടീസ്. 27ന് കൊച്ചിയില്‍ ഹാജരാകാനാണ് നോട്ടീസ്. സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പ്രതിയായി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് സര്‍ക്കാരിനും നിര്‍ണ്ണായകമാണ്. കേസില്‍ രവീന്ദ്രനെ പ്രതി ചേര്‍ക്കേണ്ടതുണ്ടോ എന്ന് മനസ്സിലാക്കാനാണ് ചോദ്യം ചെയ്യല്‍.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി സംഘമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴി.
സി.എം. രവീന്ദ്രന്‍ കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി ഇ.ഡിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. നോട്ടീസ് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് സി.എം. രവീന്ദ്രന്‍. ഒരാളെ ചോദ്യം ചെയ്യലിന് വിളിച്ചെന്നു കരുതി അയാള്‍ കുറ്റവാളിയാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.
കെ ഫോണ്‍, ലൈഫ് മിഷന്‍ ഇടപാടുകളാകും രവീന്ദ്രനോട് ഇഡി ചോദിക്കുക.മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീങ്ങുന്നതിന്റെ സൂചനയാണ് സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ വ്യക്തമാകുന്നത്. എം ശിവശങ്കറിനെപ്പോലെ പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനാണ് സിഎം രവീന്ദ്രന്‍.
Post Your Comments