ന്യൂഡല്‍ഹി: നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്റെ ഡെബ്റ്റ് പ്ലാറ്റ്‌ഫോമിലേക്ക് 6000 കോടി രൂപയുടെ മൂലധന ഇക്വിറ്റി നല്‍കാനുളള ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
കൊറോണ വ്യാപനത്തിന്റെ അസാധാരണ സാഹചര്യത്തില്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ പരിമിതമായതിനാല്‍ കടമെടുപ്പ് ആവശ്യമെങ്കില്‍ മാത്രമേ തുക വിതരണം ചെയ്യുകയുള്ളൂവെന്നതാണ് പ്രധാന ഉപാധി. 2020-2021 വര്‍ഷത്തില്‍ 2,000 കോടി രൂപ മാത്രമായിരിക്കും അനുവദിക്കുക. ആഭ്യന്തര, ആഗോള പെന്‍ഷന്‍ ഫണ്ടില്‍ നിന്നും, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റ് നിക്ഷേപ ഫണ്ടുകളില്‍ നിന്നുമുള്ള ഓഹരി നിക്ഷേപങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് എന്‍ഐഐഎഫ് നടപടികള്‍ സ്വീകരിക്കണമെന്നും ഉപാധികളില്‍ പറയുന്നു.
2025 ഓടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 1.10 ലക്ഷം കോടി രൂപ സ്വരൂപിക്കുകയെന്ന ലക്ഷ്യത്തിലെത്താന്‍ എന്‍ഐഐഎഫ് പ്ലാറ്റ്‌ഫോമിനെ സഹായിക്കുന്നതാണ് സര്‍ക്കാര്‍ നീക്കം. അസീം ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഫിനാന്‍സ് ലിമിറ്റഡ്, എന്‍ഐഐഎഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് ലിമിറ്റഡ് എന്നിവയടങ്ങുന്ന നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് സ്‌പോണ്‍സര്‍ ചെയ്യുന്നതാണ് എന്‍ഐഐഎഫ് ഡെബ്റ്റ് പ്ലാറ്റ്‌ഫോം.
Post Your Comments