
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതിക്കെതിരെ ഉമ്മ ഷെമീനയുടെ മൊഴി. മകൻ അഫാന്റെ ആക്രമണത്തിലാണ് തനിക്കേ പരിക്കേറ്റതെന്നാണ് ഷെമീനയുടെ മൊഴി. ഇതാദ്യമായാണ് ഷെമീന മകനെതിരെ മൊഴി നൽകുന്നത്. കട്ടിലിൽ നിന്നും വീണാണ് തനിക്ക് പരിക്കേറ്റത് എന്നായിരുന്നു ഇവർ ഇതുവരെ പൊലീസിനോട് പറഞ്ഞിരുന്നത്. ഭർത്താവിനോടും ഇങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, കിളിമാനൂർ എസ്എച്ച്ഒക്ക് നൽകിയ മൊഴിയിലാണ് ഷെമീന മകൻ അഫാൻ തന്നെ ആക്രമിച്ചെന്ന വിവരം വെളിപ്പെടുത്തിയത്.
തനിക്ക് 35 ലക്ഷത്തിന്റെ കടമുണ്ടെന്നാണ് ഷെമീനയുടെ മൊഴി. ഇക്കാര്യം ഭർത്താവിന് അറിയില്ലെന്നും ഷെമീന പറഞ്ഞു. സംഭവദിവസം 50,000രൂപ തിരികെ നൽകണമായിരുന്നു. പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടിൽ പോയപ്പോൾ അധിക്ഷേപം നേരിട്ടു. ഇത് സഹിക്കാനാകാതെയാണ് അഫാൻ ക്രൂരത കാട്ടിയതെന്നും ഷെമീന വെളിപ്പെടുത്തി.തട്ടത്തുമലയിലെ ബന്ധുവീട്ടിൽ നിന്നും തിരികെ വീട്ടിലെത്തിയപ്പോൾ അഫാൻ ആദ്യം തന്റെ കഴുത്ത് ഞെരിച്ച് ചുമരിൽ തലയടിച്ചു എന്ന് ഷെമീന പൊലീസിനോട് പറഞ്ഞു. ഇതോടെ ബോധം നഷ്ടമായി. പിന്നെ ബോധം വന്നപ്പോൾ അഫാൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു.
മക്കളുമൊത്ത് ആത്മഹത്യചെയ്യാൻ നേരത്തേ തീരുമാനിച്ചിരുന്നതായും അഫാന്റെ ഉമ്മ പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായി യുട്യൂബിൽ ഇളയമകനെ കൊണ്ട് പലതും ഗൂഗിളിൽ സെർച്ച് ചെയ്യിപ്പിച്ചിരുന്നുവെന്നും ഷെമീനയുടെ മൊഴിയിലുണ്ട്. അതേസമയം, തെളിവെടുപ്പിനിടെ യാതൊരു കൂസലുമില്ലാതെയാണ് അഫാൻ താൻ ചെയ്ത ക്രൂരതകൾ പൊലീസിനോട് വിവരിച്ചത്.
80,000 രൂപ ലത്തീഫിൽ നിന്നും കടം വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചു. അച്ഛൻ്റെ അമ്മയുടെ സ്വർണം വാങ്ങുന്നതിനും തടസ്സം നിന്നത് ലത്തീഫായിരുന്നു. ഇതാണ് ലത്തീഫിനെ വകവരുത്താൻ കാരണം. അമ്മയെ കഴുത്ത് ഞെരിച്ച് നിലത്തിട്ട ശേഷം ആദ്യം അച്ഛൻ്റെ അമ്മയെ കൊന്നു. അതിനുശേഷമാണ് ലത്തീഫിൻ്റെ വീട്ടിലെത്തുന്നത്.
Post Your Comments