തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും വിജയ് പി. നായരുമായുള്ള പ്രശ്‌നത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന സര്‍ക്കാാര്‍ കേരളാ പൊലീസ് ആക്ടില്‍ ഭേദഗതി കൊണ്ടുവന്നത്. സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷ, അപവാദ പ്രചാരണങ്ങളെക്കുറിച്ച് ഹൈക്കോടതിയുടെ പരാമര്‍ശം വന്നതിനു പിന്നാലെ ഭാഗ്യലക്ഷ്മി പ്രശ്‌നവും ചര്‍ച്ചയായതോടെയാണ് സര്‍ക്കാര്‍ നിയമഭേദഗതിക്കൊരുങ്ങിയത്.
എന്നാൽ എല്ലാ കോണിൽ നിന്നും വിമർശനം ഉയർന്നതോടെ നിയമം നടപ്പിലാക്കില്ലെന്നാണ് ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭ കൂടാതെ തന്നെ പൊലീസിന്റെ താല്‍പ്പര്യം തിരുകികയറ്റിയ നിയമ നിര്‍മ്മാണം പിണാറായി വിജയനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് നല്‍കിയത്. ഒരു എ.ഡി.ജി.പി.യുടെ നേതൃത്വത്തിലാണ് കരട് ശുപാര്‍ശകള്‍ തയ്യാറാക്കിയത്. ഒക്ടോബര്‍ 21-നു നടന്ന മന്ത്രിസഭാ യോഗമാണ് ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്തത്.
ട്രോളുകളെയും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളെയും നിയന്ത്രിക്കുന്നതിനൊപ്പം സ്ത്രീകള്‍ക്കനുകൂലമാകുന്ന നടപടിയിലൂടെ അവരുടെ വിശ്വാസം നേടാമെന്ന കണക്കുകൂട്ടലിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍, അവ്യക്തമായ രീതിയില്‍ ഭേദഗതി തയ്യാറാക്കപ്പെട്ടതോടെ അതു തിരിച്ചടിച്ചു. ഭേദഗതി ഗവര്‍ണര്‍ ഒപ്പിട്ട് ഓര്‍ഡിനന്‍സാകാന്‍ മൂന്നാഴ്ചയോളമെടുത്തു.രാഷ്ട്രീയപ്പാര്‍ട്ടികളുടേതുള്‍പ്പെടെ പരാതികള്‍ വന്നതോടെയാണ് നിയമപരിശോധനയ്ക്കുശേഷം ഒപ്പിട്ടാല്‍ മതിയെന്ന് രാജ്ഭവന്‍ തീരുമാനിച്ചത്.
എന്നാല്‍, കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നില്ല. ഓര്‍ഡിനന്‍സ് തിരിച്ചയച്ചാല്‍, സ്ത്രീകള്‍ക്കനുകൂലമായ ഭേദഗതിക്ക് തങ്ങള്‍ എതിരുനിന്നെന്ന പ്രചാരണമുണ്ടാകരുത് എന്നതുകൊണ്ടായിരുന്നു അത്. ശനിയാഴ്ച വിജ്ഞാപനമായതോടെയാണ് ഇതു മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ഭേദഗതിയാണെന്നു വ്യക്തമായത്. ഇതോടെ കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധവുമായെത്തി.ഇന്ത്യയിലെ ഏക ഇടതു സര്‍ക്കാരിന്റെ നീക്കം മാധ്യമങ്ങള്‍ക്കു പൊതുവെ കൂച്ചുവിലങ്ങിടാനുള്ളതാണെന്ന തിരിച്ചറിവില്‍ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായി.
അതുകൊണ്ട് തന്നെ 48 മണിക്കൂറിന്റെ ആയുസ്സേ നിയമത്തിന് ഉണ്ടായിരുന്നുള്ളൂ. ഇടതുപക്ഷ മനുഷ്യാവാകാശ പ്രവര്‍ത്തകരും മാധ്യമ ലോകവും ഇതിനെതിരെ അണിനിരന്നു. സിപിഎം കേന്ദ്രനേതൃത്വം ശക്തമായി എതിർത്തതോടെ നിയമം നടപ്പിലാക്കുന്നില്ലെന്നു മുഖ്യമന്ത്രിയും അറിയിച്ചു. നേരത്തേതന്നെ അഭിപ്രായവ്യത്യാസം വ്യക്തമാക്കിയ സിപിഐ സംസ്ഥാന നേതൃത്വവും നിലപാടില്‍ ഉറച്ചുനിന്നു. ഒരുഭാഗത്തുനിന്നും പിന്തുണ ഇല്ലെന്നു വ്യക്തമായതോടെയാണു മുഖ്യമന്ത്രി പിന്മാറിയത്.
പൊലീസ് നിയമഭേദഗതി നടപ്പാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് ഇറങ്ങിയതിനാല്‍ നിയമം എങ്ങനെ പിന്‍വലിക്കാമെന്നതിനെക്കുറിച്ച് അന്തിമ ധാരണയായില്ല. സാങ്കേതികമായി നിയമം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നിയമഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ച് പുതിയ ഓര്‍ഡിന്‍സിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്കു നല്‍കണം. അടിയന്തര സാഹചര്യം വിശദീകരിക്കേണ്ടി വരുമെന്നതും സര്‍ക്കാറിനെ സംബന്ധിച്ച് വെല്ലുവിളിയാണ്.
ശുപാര്‍ശ വിലയിരുത്തി അടിയന്തര സാഹചര്യമുണ്ടെന്നു കണ്ടാണ് ഗവര്‍ണര്‍ ആദ്യ ഓര്‍ഡിനന്‍സ് ഒപ്പിട്ടത്. ഇത് റദ്ദാക്കുന്ന മറ്റൊരു നിയമം ഏതാനും ദിവസം കഴിയുമ്പോള്‍ ഒപ്പിടുന്നത് ഗവര്‍ണര്‍ പദവിയുടെ ഔന്നത്യത്തെ ബാധിക്കും. നിയമസഭ ചേരുമ്ബോള്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള പ്രമേയം സര്‍ക്കാരിനു കൊണ്ടുവരാം എന്നതാണ് മറ്റൊരു മാര്‍ഗ്ഗം. ജനുവരി ആദ്യം സഭ ചേരാനാണ് ആലോചന. എന്നാല്‍, സാങ്കേതികമായി ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതുവരെ നിയമം പ്രാബല്യത്തിലുണ്ടാകും.
അതുവരെ ഈ നിയമപ്രകാരം നല്‍കുന്ന പരാതികളില്‍ കേസെടുക്കാന്‍ പൊലീസിനു ബാധ്യതയുണ്ടാകും. ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചാല്‍ അതും വലിയ തിരിച്ചടിയാണ് പൊലീസിന് ഉണ്ടാക്കുക.നിയമസഭ ചേരുന്നതു മുതല്‍ 42 ദിവസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് നിയമമാക്കണമെന്നാണ് ചട്ടം. അല്ലെങ്കില്‍ സ്വമേധയാ ഓര്‍ഡിനന്‍സിനു പ്രാബല്യമുണ്ടാകില്ല.
മറ്റൊന്ന് തത്കാലം നിയമം നടപ്പാക്കേണ്ടെന്നു പൊലീസിനോട് നിര്‍ദേശിക്കുകയും നിയമസഭയില്‍ പുതിയ ബില്‍ കൊണ്ടുവരികയും ചെയ്യുക. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപങ്ങള്‍ തടയാനുള്ള വ്യവസ്ഥകള്‍മാത്രം ഉള്‍പ്പെടുത്തി നിയമം കൊണ്ടുവരാം.
Post Your Comments